പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലുഅര്‍ജുനെ പിന്തുണച്ച് ബിജെപി എം പി അനുരാഗ് താക്കൂര്‍. ലോകസിനിമാ ഭൂപടത്തിലേക്ക് ഇന്ത്യന്‍ സിനിമയെ കൊണ്ടെത്തിച്ചവരാണ് തെലുങ്ക് സിനിമയും നടന്‍മാരും. അത്രയും ഉന്നതിയില്‍ നില്‍ക്കുന്ന വ്യവസായത്തെ ഇല്ലാതാക്കാനാണ് ചിലരുടെ ശ്രമം എന്നാണ് അനുരാഗ് താക്കൂർ പറഞ്ഞു. തെലങ്കാന പൊലീസ് അല്ലുവിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രണ്ടര മണിക്കൂറോളം സമയം പൊലീസ് നടനെ ചോദ്യംചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് അനുരാഗ് താക്കൂറിന്റെ പ്രതികരണം.
‘കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ തന്നെ എടുത്തുനോക്കിയാലറിയാം, അല്ലു അര്‍ജുന്‍ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍. പുഷ്പ സിനിമയിലൂടെ അല്ലു ദേശീയ അവാര്‍ഡ് നേടി. ലോകസിനിമയും രാജ്യവും അംഗീകരിച്ച നടനാണ് ചിരഞ്ജീവി. ആര്‍ആര്‍ആര്‍, പുഷ്പ, ബാഹുബലി, കെജിഎഫ് ഇവയെല്ലാം ഇന്ത്യന്‍ സിനിമയുടെ പേരിന് തിളക്കം കൂട്ടിയവയാണ്. വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനു പകരം കാര്യങ്ങള്‍ സംസാരിച്ചു തീര്‍ക്കണം, സിനിമകൊണ്ട് രാഷ്ട്രീയം കളിക്കരുത്’ അനുരാഗ് താക്കൂര്‍ പറഞ്ഞു.
മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലാണ് അല്ലു അര്‍ജുനെതിരെ നടപടി പുരോഗമിക്കുന്നത്. നടപടിയുടെ പേരില്‍ ഇതിനോടകം തന്നെ കോണ്‍ഗ്രസ് സര്‍ക്കാറും ബിജെപിയും തമ്മില്‍ പ്രത്യാരോപണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അതേസമയം റെഡ്ഡിക്കെതിരായ പ്രസ്താവനകള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അല്ലു അര്‍ജുന്‍റെ സിനിമകള്‍ സംസ്ഥാനത്ത് റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഭൂപതി റെഡ്ഡി പറഞ്ഞു.
Content Highlights: Anurag Thakur supports Allu Arjun and thelugu actors