ഉറച്ച കോൺഗ്രസ്സുകാരൻ, ഇന്ത്യയുടെ രാഷ്ട്രീയ-സാമ്പത്തിക ചരിത്രത്തിലെ ഒറ്റയാൻ; അതായിരുന്നു ഡോ. മൻമോഹൻ

ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു മൻമോഹൻ സിംഗിന്റെ പ്രധാനമന്ത്രി കാലഘട്ടം

dot image

വാക്കുകളിലെ മൃദുലത, നിലപാടുകളിലെ വ്യക്തത..അതായിരുന്നു ഡോ. മൻമോഹൻ സിംഗ്. ഉറച്ച കോൺഗ്രസ്സുകാരൻ, സൗമ്യൻ, മൃദുഭാഷി എന്നൊക്കെ അദ്ദേഹത്തെ വിശേഷിപ്പിക്കാം.

'മാറ്റത്തിന്റെ സമയമടുത്താൽ അതിനെ തടുക്കാൻ ഒരു ശക്തിക്കുമാകില്ല'

ഇന്ത്യൻ സാമ്പത്തിക മേഖലയുടെ ഗതി തന്നെ മാറ്റിയ 1991ലെ ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻപ് ഡോ. മൻമോഹൻ സിംഗ് പറഞ്ഞ വാക്കുകളാണിത്. രാജ്യം അതീവ ഗുരുതരമായ പ്രതിസന്ധി നേരിട്ടിരുന്ന സമയമായിരുന്നു അത്. വിദേശ നാണ്യ ശേഖരത്തിൽ ഇന്ത്യ ഏറെ താഴേക്ക് പതിക്കുകയും, രാജ്യത്തിന്റെ പൊതു കടം മൊത്തം ജിഡിപിയുടെ അമ്പത് ശതമാനത്തോളമായി ഉയരുകയും ചെയ്തു.

വിലക്കയറ്റം അതിരൂക്ഷമായി. നിക്ഷേപകർ കൂട്ടമായി പണം പിൻവലിച്ചുതുടങ്ങി. എങ്ങിനെയെങ്കിലും ഈ പ്രതിസന്ധിയെ മറികടക്കണമെന്ന് തീരുമാനിച്ചുറപ്പിച്ച അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു സാമ്പത്തിക വിദഗ്ധനായ മൻമോഹൻ സിംഗിനെ ഈ ദൗത്യം ഏൽപിക്കുകയായിരുന്നു.

അന്നുവരെ രാജ്യം കൈകൊണ്ട എല്ലാ സാമ്പത്തിക നയങ്ങളെയും തകിടം മറിച്ചുകൊണ്ടായിരുന്നു മൻമോഹൻ സിംഗ് രാജ്യത്തെ സാമ്പത്തികമുറിവുകളിൽ മരുന്ന് പുരട്ടിയത്. 'മാറ്റത്തിന്റെ സമയമടുത്താൽ അതിനെ തടുക്കാൻ ഒരു ശക്തിക്കുമാകില്ല' എന്നുപറഞ്ഞ് സിങ് അവതരിപ്പിച്ച ആ ബജറ്റ് ഇന്ത്യയെന്ന വിപണിയെ ലോകത്തിനുമുൻപിൽ വിശാലമായി തുറന്നുവെച്ചു. ലോകത്തെ സുപ്രധാന ശക്തിയായി ഇന്ത്യ മാറുമെന്ന് കട്ടായം പറഞ്ഞ്, രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ മൻമോഹൻ സിങ് സ്വന്തം കാലിൽ ഭദ്രമാക്കി നിർത്തി.

മൻമോഹൻ സിംഗിന്റെ ജീവിതത്തെ ഒരുപാട് അടരുകളായി തിരിക്കാം. പക്ഷെ എങ്ങനെ തിരിച്ചാലും ഒടുവിലെത്തുന്നത് ചരിത്രത്തിന്റെ വാതിൽക്കൽ തന്നെ. 1971ൽ വാണിജ്യ മന്ത്രാലയത്തിൽ സാമ്പത്തിക ഉപദേഷ്ടാവ്, 1972ൽ സാമ്പത്തിക കാര്യ മന്ത്രാലയത്തിൽ മുഖ്യ ഉപദേഷ്ടാവ്, 1976 മുതൽ 1980 വരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡയറക്ടർ, 1982 85 വരെ ആർബിഐ ഗവർണർ. 1987 മുതൽ 90 വരെ ജനീവയിലെ സൗത്ത് കമ്മീഷന്റെ സെക്രട്ടറി ജനറൽ. ഇവയ്ക്കെല്ലാം ശേഷം രാജ്യത്തിന്റെ ഗതി തന്നെ മാറ്റിയ ധനകാര്യവകുപ്പ് മന്ത്രിപദം. ശേഷം 2004ൽ ഇന്ത്യയുടെ പ്രധാനമന്ത്രി പദം. ഔദ്യോഗിക ജീവിതത്തിൽ നിന്ന് പൊതുപ്രവർത്തന രംഗത്തേയ്ക്കുള്ള മൻമോഹൻ സിങ്ങിൻ്റെ യൂ ടേൺ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലും നിർണ്ണായകമായ അടയാളപ്പെടുത്തലായി മാറുകയായിരുന്നു.

നെഹ്റുവിയൻ സോഷ്യലിസത്തിൽ നിന്ന് രാജ്യം ഇനി നീങ്ങേണ്ടത് ഉദാരീകരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും പാതയിലേക്കാണെന്ന് ഉറച്ചുവിശ്വസിക്കുകയാണ് മൻമോഹൻ സിങിലെ സാമ്പത്തിക വിദഗ്ധൻ ചെയ്തത്. നെഹ്റു വിഭാവനം ചെയ്ത മിശ്രസമ്പദ് വ്യവസ്ഥയ്ക്ക് ഇന്ദിരാ ഗാന്ധി സോഷ്യലിസത്തിൻ്റെ മേമ്പൊടി ചേർത്തപ്പോൾ അത് കോൺഗ്രസിൻ്റെ സാമ്പത്തിക നയസമീപനമായാണ് വിലയിരുത്തപ്പെട്ടത്. ഇന്ത്യൻ കുത്തകകൾക്ക് അനുകൂലമാണ് ഈ നയസമീപനമെന്ന് സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും വിമർശിക്കുമ്പോഴും കോൺഗ്രസിൻ്റെ സാമ്പത്തിക നയത്തിന് സോഷ്യലിസത്തിൻ്റെ ഒരുമേമ്പൊടി ഉണ്ടായിരുന്നു.

പാർട്ടി ഔദ്യോഗികമായി നയംമാറ്റം പ്രഖ്യാപിക്കാതെ തന്നെയായിരുന്നു നരസിംഹറാവു സർക്കാരിൻ്റെ സാമ്പത്തിക നയസമീപനം ഉദാരവത്കരണത്തിൻ്റെ കമ്പോളാധിഷ്ഠിത മുതലാളിത്ത കാഴ്ചപ്പാടിൽ ഉള്ളതായിരിക്കുമെന്ന് മൻമോഹൻ സിങ്ങ് പ്രഖ്യാപിച്ചത്. തുടർന്ന് സിംഗ് ഇന്ത്യയെ ലോകത്തിന് മുൻപാകെ തുറന്നുവെച്ചു. പൊതുമേഖലയെ സ്വകാര്യവത്കരിക്കാൻ ആരംഭിച്ചു. വിദേശ കുത്തകകൾക്കായി ഇന്ത്യൻ വിപണി തുറന്നിട്ടു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കൂടുതൽ ആധുനിവത്കരിക്കാനുള്ള ശ്രമങ്ങൾ എന്ന നിലയിലാണ് കോൺഗ്രസും ഇതിനെ വിശദീകരിച്ചത്. അപ്പോഴും മൻമോഹൻ സിങ്ങിന്റെ ഈ നടപടികളിൽ കോൺഗ്രസിനുള്ളിൽ തന്നെ എതിർപ്പ് ശക്തമായിരുന്നു. പി ചിദംബരം പോലുള്ള നേതാക്കൾ സിങ്ങിനെതിരെ രംഗത്തെത്തി. സിങ്ങിന് രാഷ്ട്രീയ പശ്ചാത്തലമില്ല എന്നത് കോൺഗ്രസിൽ കോലാഹലത്തിനിടയാക്കി. ഇതിനിടെ ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും നയങ്ങളാണ് ബജറ്റിലുണ്ടായതെന്ന വിമർശനവും മൻമോഹൻ സിംഗിനെ തേടിയെത്തി.

പക്ഷെ ഇന്ത്യ മാറേണ്ടതുണ്ടെന്നായിരുന്നു സിംഗിന്റെ ഉറച്ചവിശ്വാസം. മൻമോഹൻ സിംഗ് തുറന്നിട്ട വാതിലിലൂടെ രാജ്യത്തിന് എന്ത് ലഭിച്ചുവെന്നത് ഇപ്പോഴും വാദപ്രതിവാദങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. സാങ്കേതികമായും സാമ്പത്തികമായും രാജ്യം മുന്നേറിയപ്പോഴും, കാർഷിക, ചെറുകിട വ്യാപാര മേഖലയടക്കമുള്ള അടിസ്ഥാനവർഗ വിഭാഗത്തിന്, അതിന്റെ മെച്ചമുണ്ടായില്ല എന്നതും, ആഗോളീകരണത്തിന് ശേഷം അടിസ്ഥാന തൊഴിൽമേഖലകളിൽ വലിയ തകർച്ചകളുണ്ടായി എന്നതും, ആ നയങ്ങളുടെ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നുമുണ്ട്. രാജ്യത്ത് കുത്തകകളുടെ സമ്പത്ത് കുന്നുകൂടുകയും കോടീശ്വരന്മാരുടെ എണ്ണം പെരുകുയും ചെയ്യാൻ സഹായകമായ ഈ നയസമീപനം രാജ്യത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർദ്ധിപ്പിച്ചുവെന്ന വിമർശനവും നേരിടുന്നുണ്ട്.

മൻമോഹൻ സിങ് എന്ന പ്രധാനമന്ത്രിയെ എല്ലാവരും വിളിച്ചുപോരുന്നത് ആക്ക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ എന്നാണ്. ഇറ്റാലിയൻ പശ്ചാത്തലമുള്ള സോണിയ ഗാന്ധി, 2004ൽ പ്രധാനമന്ത്രി പദം വേണ്ടെന്ന് വെച്ചപ്പോൾ വീണ ഒരു നറുക്കാണ് സിങിന്റേത്. സോണിയയുടെ മഹാത്യാഗവും, പ്രണബ് മുഖർജിയടക്കമുള്ള സീനിയർ നേതാക്കളെയും മറികടന്ന് കിട്ടിയ ഒരു പ്രധാനമന്ത്രിപദം.

ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു മൻമോഹൻ സിംഗിന്റെ പ്രധാനമന്ത്രി കാലഘട്ടം. ഇടതുപക്ഷത്തിന്റെയടക്കം പിന്തുണയിൽ ഒന്നാം യുപിഎ സർക്കാർ താരതമ്യേന ശാന്തമായി ഒഴുകുമ്പോഴാണ്, 2008ൽ മൻമോഹൻ സിംഗിന് ഒരു വലിയ പ്രതിസന്ധിയെ അതിജീവിക്കേണ്ടി വന്നത്.

ഇന്ത്യ - യു എസ് ആണവകരാറിന്റെ പേരിൽ 60 എംപിമാരുണ്ടായിരുന്ന ഇടതുപക്ഷം സർക്കാരിന് പിന്തുണ പിൻവലിച്ചു. മൻമോഹൻ സിങ്ങിനെ സംബന്ധിച്ചിടത്തോളം രാജ്യത്തിന് ഏറെ അത്യാവശ്യമായ ഒന്നായിരുന്നു ഈ കരാർ. കരാറിൽനിന്ന് ഒരടി പിന്നോട്ടുപോകില്ലെന്ന് തറപ്പിച്ചുപറഞ്ഞ സിംഗ് ഒടുവിൽ രാജിഭീഷണി വരെ മുഴക്കിയിരുന്നു.

രാഷ്ട്രീയക്കാരനല്ലാത്ത മൻമോഹൻ സിങ് നേരിട്ട ആദ്യത്തെ ബലപരീക്ഷണമായിരുന്നു 2008ലെ വിശ്വാസവോട്ടെടുപ്പ്. സമാജ്‌വാദി പാർട്ടിയുടെ പിന്തുണയിൽ സർക്കാർ ഭൂരിപക്ഷം തെളിയിച്ചെങ്കിലും വലിയ വെല്ലുവിളി മൻമോഹൻ സിംഗിന് നേരിടേണ്ടി വന്നിരുന്നു. പിന്നീട് 2009ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ഒന്നാം യുപിഎ സർക്കാരിൻ്റെ ഖ്യാതിയിൽ മൻമോഹൻ സിങ്ങിന് രണ്ടാം അവസരം ലഭിച്ചു. ഒന്നാം യുപിഎ സർക്കാരിനുണ്ടായ സൽപ്പേര് രണ്ടാം യുപിഎ സർക്കാരിന് കാത്തുസൂക്ഷിക്കാനായില്ല എന്നതായിരുന്നു രാഷ്ട്രീയമായി മൻമോഹൻ സിംഗിനെ ഉലച്ച മറ്റൊരു കാര്യം. കോമ്മൺവെൽത്ത്, 2 ജി, കൽക്കരി കുംഭകോണം തുടങ്ങിയ നിരവധി അഴിമതികളിൽ രണ്ടാം യുപിഎ സർക്കാർ മുങ്ങി. എന്നാൽ അദ്ദേഹത്തിന്റെ കുപ്പായത്തിൽ അഴിമതിയുടെ ഒരു കറ പോലുമുണ്ടായില്ല എന്നതായിരുന്നു ശ്രദ്ധേയം.

മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന നിരവധി നിയമങ്ങൾ പിന്നീട് രാജ്യത്തിന്റെ നട്ടെല്ലായി മാറി. ഇതിൽ ഭൂരിപക്ഷം ജനപ്രിയമായ നിയമങ്ങളും രൂപമെടുത്തത് ഒന്നാം യുപിഎ സർക്കാരിൻ്റെ കാലത്തായിരുന്നു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (2005), വിവരാവകാശ നിയമം(2005), സ്ത്രീ സുരക്ഷയ്ക്കായുള്ള നിയമനിർമ്മാണം (2005), ആദിവാസി വനാവകാശ നിയമം (2006), വിദ്യാഭ്യാസ അവകാശ ബിൽ(2008), ഭക്ഷ്യ സുരക്ഷാ നിയമം(2013), നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (2013) ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നാക്കവിഭാഗങ്ങൾക്ക് 27 ശതമാനം റിസർവേഷൻ തുടങ്ങിയവ മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ പാസാക്കപ്പെട്ടവയാണ്.

നിശ്ശബ്ദനായിരുന്ന് പഠിച്ച്, ഫുൾ മാർക്കും വാങ്ങിപ്പോകുന്ന ഒരു കുട്ടിയെപോലെയായിരുന്നു മൻമോഹൻ സിംഗ്. താൻ ആക്‌സിഡന്റൽ പ്രധാനമന്ത്രി മാത്രമായിരുന്നില്ല, ഒരു ആക്‌സിഡന്റൽ ധനമന്ത്രി കൂടിയായിരുന്നുവെന്ന് സിംഗ് പിന്നീടൊരിക്കൽ പറഞ്ഞിട്ടുണ്ട്. എന്നാൽ തന്റെ പ്രവർത്തനങ്ങൾ ആക്‌സിഡന്റൽ ആയിരുന്നില്ല എന്ന് സിംഗ് എപ്പോഴും ഉറപ്പുവരുത്തി. മൗനിബാബ, പാവ പ്രധാനമന്ത്രി എന്നെല്ലാം പ്രതിപക്ഷം ആക്ഷേപിച്ചുകൊണ്ടിരുന്നപ്പോൾ മൻമോഹൻ സിങ് തന്റെ കർമങ്ങളിൽ മാത്രം വ്യാപപൃതനായ ഒരാളായിരുന്നു.

2014-ൽ രണ്ടാം യുപിഎ സർക്കാരിന്റെ അഴിമതി കുംഭകോണങ്ങൾ വാതിൽ തുറന്നത് വർഗീയ ശക്തികൾ അധികാരമേൽക്കുന്നതിലേക്കാണ് എന്ന ആരോപണം മൻമോഹൻ സിംഗിന്റെ മേലുണ്ട്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ അഴിമതി സർക്കാരിന്റെ തലവനെന്ന ആരോപണം അദ്ദേഹത്തെ തേടിയെത്തി. എന്നാൽ തന്നെ പൊതിഞ്ഞ ഈ വിവാദങ്ങളിൽ അദ്ദേഹത്തിന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ, History will be kinder to me than the media എന്ന് മാത്രം. വരും കാലം തന്നെ എങ്ങനെ ഓർക്കുമെന്നും, എങ്ങനെ തന്നെ വിലയിരുത്തുമെന്നതും ദൃഢനിശ്ചയമുണ്ടായിരുന്ന ഒരു മനുഷ്യന്റെ വാക്കുകൾ.

പിന്നീട് അതു തന്നെ സംഭവിച്ചു. നോട്ടുനിരോധനവും അശാസ്ത്രീയമായ സാമ്പത്തിക പരിഷ്‌കരണങ്ങളുമെല്ലാമായി ഇന്ത്യൻ സാമ്പത്തിക രംഗം ചക്രശ്വാസം വലിക്കുകയും അടിസ്ഥാന തൊഴിൽ മേഖലകൾ താറുമാറാകുകയും ചെയ്ത സമീപ കാലത്തെ നിരവധി സാഹചര്യങ്ങളിൽ രാജ്യം പല തവണ മൻമോഹൻ സിംഗിനെ ഓർത്തിട്ടുണ്ട്. ധിഷണാപരമായി ഈ രാജ്യത്തെ നയിക്കാൻ ഒരു മൻമോഹൻ സിംഗ് ഉണ്ടായിരുന്നെങ്കിലെന്ന് പലരും പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയിട്ടുമുണ്ട്.

മൻമോഹൻ സിംഗിനെ അടയാളപ്പെടുത്തേണ്ടത് എങ്ങനെയെന്ന കാര്യത്തിൽ തർക്കവിതർക്കങ്ങൾ ഇപ്പോഴുമുണ്ട്. പക്ഷെ ഒന്നുറപ്പാണ്. പരമ്പരാഗത പാതയിൽ നിന്ന് രാജ്യത്തെ വഴിമാറ്റിക്കൊണ്ടുപോയ ആ 'മൻമോഹണോമിക്‌സ്' രാജ്യത്തിന്റെ സീൻ മാറ്റിയ ഒന്നായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഒരു ധനമന്ത്രിയുടെയും തുടർന്ന് ഒരു പ്രധാനമന്ത്രിയുടെയും തുടക്കം അവിടെ നിന്നായിരുന്നു. പ്രസംഗമല്ല, വാചാടോപങ്ങളല്ല, പ്രവർത്തനമാണ് വലുതെന്ന് കാണിച്ചുതന്ന, ഇന്ത്യയുടെ തലവര മാറ്റിയ രാജ്യത്തിന്റെ സ്വന്തം സിങാണ് മൻമോഹൻ സിംഗെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമുണ്ടാകില്ല, വിട....

Content Highlights: Dr. Manmohan Sigh passed away

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us