ന്യൂഡൽഹി: എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എം ടി വാസുദേവൻ നായരുടെ വേർപാട് മലയാള സാഹിത്യത്തിനും ഇന്ത്യൻ സാഹിത്യത്തിനും അഗാധമായ നഷ്ടമാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ. ആധുനികതയുടെ ഭാവുകത്വത്തിനു ചേർന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച എഴുത്തുകാരനായും ആ പ്രസ്ഥാനത്തിന്റെ വക്താക്കളായ എഴുത്തുകാരെ പ്രോത്സാഹിപ്പിച്ച പത്രാധിപരായും മലയാള സാഹിത്യത്തിലെ ആധുനികതയ്ക്ക് എംടി നൽകിയ സംഭാവന അതുല്യമാണ്.
കേരളീയ സമൂഹഘടനയിൽ വന്ന മാറ്റത്തിന്റെ ഫലമായുള്ള മനുഷ്യജീവിതാനുഭവത്തെ ഇതിവൃത്തമാക്കിയ എംടി, സാഹിത്യത്തിലെയും ചലച്ചിത്രമേഖലയിലെയും ഏറ്റവും ജനപ്രിയനായ എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം മലയാളിക്കും മലയാളത്തിനും മാത്രമല്ല, ഭാരതീയ സാഹിത്യത്തിനും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും ഗവർണർ സന്ദേശത്തിൽ പറഞ്ഞു.
Hon'ble Governor Shri Arif Mohammed Khan condoled the sad demise of Jnanpith laureate Sri MT Vasudevan Nair.“The passing of Jnanpith laureate M.T. Vasudevan Nair marks a profound loss for both Malayalam and Indian literature.: PRO KeralaRajBhavan (1/3) #MT pic.twitter.com/NqJIjAkapa
— Kerala Governor (@KeralaGovernor) December 25, 2024
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എം ടി വാസുദേവൻ നായർ (91) ഇന്ന് രാത്രി പത്ത് മണിയോടെയായിരുന്നു വിടപറഞ്ഞത്. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകൻ, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തൻ്റെ കൈയൊപ്പ് ആഴത്തിൽ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവൻ നായർ.
Content Highlights: Governor Arif Muhammad Khan condoled the demise of MT Vasudevan Nair