കൊച്ചി: ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനും രാജ്യത്തിനും അപരിഹാര്യമായ നഷ്ടമാണെന്ന് കെ സുധാകരൻ പറഞ്ഞു.
ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽ നട്ടം തിരഞ്ഞപ്പോൾ ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് ആ പ്രതിസന്ധിയെ അതിജീവിക്കാൻ കരുത്ത് നൽകിയത് മൻമോഹൻ സിംഗ് തെളിച്ച സാമ്പത്തിക നയങ്ങളുടെ പാതയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയം കൈമുതലാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന നിരവധി നിയമങ്ങൾ പിന്നീട് രാജ്യത്തിന്റെ നട്ടെല്ലായി മാറിയെന്നും അദ്ദേഹം ഓർമിച്ചു.
അനുശോചനക്കുറിപ്പ്
ഇന്ത്യയെ ലോകത്തെ പ്രധാനസാമ്പത്തിക ശക്തികളിലൊന്നായി വളർത്തിയതിൽ മൻമോഹൻ സിങിന്റെ ഇച്ഛാശക്തിയും ദീർഘവീക്ഷണവും ഏറെ സഹായകരമായിട്ടുണ്ട്.സമൂലമായ പരിഷ്‌കരണത്തിലൂടെ ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് അടിത്തറ പാകിയ ക്രാന്തദർശിയായ ഭരണാധികാരിയായിരുന്നു അദ്ദേഹം. ഉദാരവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും പാതയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ പൊളിച്ചെഴുത്താണ് മൻമോഹൻ സിങ് നടത്തിയത്. ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽ നട്ടം തിരഞ്ഞപ്പോൾ ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് ആ പ്രതിസന്ധിയെ അതിജീവിക്കാൻ കരുത്ത് നൽകിയത് മൻമോഹൻ സിങ് തെളിച്ച സാമ്പത്തിക നയങ്ങളുടെ പാതയായിരുന്നു.
അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയം കൈമുതലാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന നിരവധി നിയമങ്ങൾ പിന്നീട് രാജ്യത്തിന്റെ നട്ടെല്ലായി മാറി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സ്ത്രീ സുരക്ഷയ്ക്കായുള്ള നിയമനിർമ്മാണം, വിദ്യാഭ്യാസ അവകാശ ബിൽ, ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ,വിവരാവകാശ നിയമം തുടങ്ങിയ ജനകീയ നിയമങ്ങൾ അദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തിൽ നടപ്പാക്കിയവയായിരുന്നു. കോൺഗ്രസിന്റെ ആദർശങ്ങളോടും നിലപാടുകളോടും അചഞ്ചലമായ കൂറും പുലർത്തിയ നേതാവാണ് അദ്ദേഹം. കാലം അടയാളപ്പെടുത്തിയ രാജ്യം കണ്ട മികച്ച കോൺഗ്രസ് പ്രധാനമന്ത്രിമാരിൽ ഒരാളാണ് മൻമോഹൻസിങ്. അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനും രാജ്യത്തിനും അപരിഹാര്യമായ നഷ്ടമാണെന്നും കെ.സുധാകരൻ പറഞ്ഞു.
Content Highlights: k sudhakaran condoled the demise of manmohan singh