ഇന്ത്യ വലിയ സാമ്പത്തിക ശക്തിയായി മാറിയത് മൻമോഹൻ സിംഗ് എന്ന സാമ്പത്തിക വിദഗ്ധനിലൂടെ: കൊടിക്കുന്നിൽ സുരേഷ്

'ചെറുപ്പക്കാർക്ക് എന്നും അവസരം നൽകിയ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം'

dot image

ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തിൽ അനുശോചിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. അദ്ദേഹം ധനകാര്യ മന്ത്രിയായിരുന്ന സമയം അവതരിപ്പിച്ച ബജറ്റുകളെല്ലാം കേൾക്കാൻ അവസരം ലഭിച്ച വ്യക്തിയാണ് താൻ. പിന്നീട് അദ്ദേഹം പ്രധാനമന്ത്രിയായിരുന്നപ്പോൾ തൊഴിൽ വകുപ്പിൽ സഹമന്ത്രിയായി പ്രവർത്തിക്കാനും അവസരം ലഭിച്ചു. രാജ്യം ശക്തമായ സാമ്പത്തിക ശക്തിയായി മാറിയത് മൻമോഹൻ സിംഗ് എന്ന സാമ്പത്തിക വിദഗ്ധനിലൂടെയാണ് എന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. റിപ്പോർട്ടറിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'മൻമോഹൻ സിംഗിന്റെ വിയോഗ വാർത്ത ഏറെ വേദനയോടെയാണ് കേൾക്കേണ്ടി വന്നത്. നരസിംഹ റാവു മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ള അഞ്ച് ബജറ്റ് പ്രസംഗവും കേൾക്കാൻ അവസരം ലഭിച്ച വ്യക്തിയാണ് ഞാൻ. അതിന് ശേഷം രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് അദ്ദേഹം പ്രധാനമന്ത്രിയായിരുന്നപ്പോൾ തൊഴിൽ വകുപ്പിൽ സഹമന്ത്രിയായി പ്രവർത്തിക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അന്ന് എന്നെ തൊഴിൽ വകുപ്പിൽ സഹമന്ത്രിയാക്കുന്നിൽ പ്രധാന പങ്ക് വഹിച്ചത് മൻമോഹൻ സിംഗായിരുന്നു. അദ്ദേഹത്തോട് എനിക്കുള്ള കടപ്പാടും നന്ദിയും ഞാൻ എന്നും സൂക്ഷിക്കും. ചെറുപ്പക്കാർക്ക് എന്നും അവസരം നൽകിയ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം,' എന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

'അദ്ദേഹം ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് അവതരിപ്പിച്ച ബജറ്റുകളിലൂടെ തകർന്നടിഞ്ഞ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരാൻ സഹായിച്ചു. ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയത് മൻമോഹൻ സിംഗ് എന്ന സാമ്പത്തിക വിദഗ്ധനിലൂടെയാണ്. പ്രതിപക്ഷം അദ്ദേഹത്തെ ഏറെ വേട്ടയാടിയെങ്കിലും അതൊന്നും കൂസാതെ അദ്ദേഹം മുന്നോട്ട് പോയി എന്നതാണ് പ്രത്യേകത. മൻമോഹൻ സിംഗിന്റെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണ്,' എന്നും കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേർത്തു.

ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു മന്‍മോഹന്‍ സിംഗിന്റെ അന്ത്യം. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു. 2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്ന സിംഗ് 2024ല്‍ 33 വര്‍ഷം നീണ്ട രാഷ്ട്രീയജീവിതം അവസാനിപ്പിച്ച് രാജ്യസഭയില്‍ നിന്ന് വിരമിച്ചിരുന്നു. പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ 1991 ജൂണില്‍ ധനമന്ത്രിയായി. രാജ്യസഭയിലേക്കുള്ള അദ്ദേഹത്തിന്റെ രംഗപ്രവേശവും 1991ലായിരുന്നു. ഉപരിസഭയില്‍ അദ്ദേഹം അഞ്ച് തവണ അസമിനെ പ്രതിനിധീകരിച്ച് എത്തിയിരുന്നു. 2019ല്‍ രാജസ്ഥാനിലേക്ക് മാറി. നോട്ട് നിരോധനത്തിനെതിരായായിരുന്നു അദ്ദേഹത്തിന്റെ അവസാന ഇടപെടല്‍. 'സംഘടിതവും നിയമവിധേയമാക്കപ്പെട്ടതുമായ കൊള്ള' എന്നായിരുന്നു അദ്ദേഹം നോട്ട് നിരോധനത്തിന് നല്‍കിയ വിശേഷണം.

Content Highlights: Kodikunnil Suresh condoles on the demise of Manmohan Singh

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us