അപാരമായ വിവേകത്തോടെയും അഖണ്ഡതയോടെയും രാജ്യത്തെ നയിച്ച നേതാവ്; രാഹുൽ ​ഗാന്ധി

എനിക്ക് നഷ്ടപ്പെട്ടത് ഒരു ഉപദേശകനെയും വഴികാട്ടിയെയും ആണെന്ന് രാഹുൽ ​ഗാന്ധി കുറിച്ചു.

dot image

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. അപാരമായ വിവേകത്തോടെയും അഖണ്ഡതയോടെയുമാണ് മൻമോഹൻ സിംഗ് ജി ഇന്ത്യയെ നയിച്ചത്. അദ്ദേഹത്തിൻ്റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു. ശ്രീമതി കൗറിനും കുടുംബത്തിനും എൻ്റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. എനിക്ക് നഷ്ടപ്പെട്ടത് ഒരു ഉപദേശകനെയും വഴികാട്ടിയെയും ആണെന്ന് രാഹുൽ ​ഗാന്ധി കുറിച്ചു.

ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു മന്‍മോഹന്‍ സിംഗിന്റെ അന്ത്യം. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു. 2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്ന സിംഗ് 2024ല്‍ 33 വര്‍ഷം നീണ്ട രാഷ്ട്രീയജീവിതം അവസാനിപ്പിച്ച് രാജ്യസഭയില്‍ നിന്ന് വിരമിച്ചിരുന്നു. പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ 1991 ജൂണില്‍ ധനമന്ത്രിയായി. രാജ്യസഭയിലേക്കുള്ള അദ്ദേഹത്തിന്റെ രംഗപ്രവേശവും 1991ലായിരുന്നു. ഉപരിസഭയില്‍ അദ്ദേഹം അഞ്ച് തവണ അസമിനെ പ്രതിനിധീകരിച്ച് എത്തിയിരുന്നു. 2019ല്‍ രാജസ്ഥാനിലേക്ക് മാറി. നോട്ട് നിരോധനത്തിനെതിരായായിരുന്നു അദ്ദേഹത്തിന്റെ അവസാന ഇടപെടല്‍. 'സംഘടിതവും നിയമവിധേയമാക്കപ്പെട്ടതുമായ കൊള്ള' എന്നായിരുന്നു അദ്ദേഹം നോട്ട് നിരോധനത്തിന് നല്‍കിയ വിശേഷണം.

1932ല്‍ പഞ്ചാബിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു ഡോ. മന്‍മോഹന്‍ സിംഗ്. 2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്ന സിംഗ് ഈ വര്‍ഷം ആദ്യം രാജ്യസഭയില്‍ നിന്ന് വിരമിച്ചിരുന്നു. 1998 മുതല്‍ 2004 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായും സിംഗ് സേവനമനുഷ്ഠിച്ചു. 2004 മെയ് 22 നും, 2009 മെയ് 22 നും പ്രധാനമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.

Content Highlights: Rahul Gandhi has condoled the death of former Prime Minister Manmohan Singh

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us