ചണ്ഡീഗഢ്: പഞ്ചാബിലെ ബട്ടിൻഡയിൽ ബസ് പാലത്തിൽ നിന്ന് അഴുക്കുചാലിലേക്ക് മറിഞ്ഞ് എട്ടുപേർക്ക് ദാരുണാന്ത്യം. 18 പേർക്ക് പരിക്കേറ്റു. പാലത്തിന്റെ കൈവരികൾ ഇടിച്ചുതകർത്തശേഷം ബസ് താഴേയ്ക്ക് മറിയുകയായിരുന്നു. കനത്ത മഴ കാരണം ബസിന്റെ നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥലം എംഎൽഎ ജഗ്രൂപ് സിങ് ഗിൽ പറഞ്ഞു. മൂന്ന് പേർ ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി. 18 ഓളം പേർ ഷഹീദ് ഭായ് മണി സിങ് സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.
തൽവണ്ടി സാബോ എന്ന പ്രദേശത്ത് നിന്ന് ബട്ടിൻഡയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപെട്ടത്. ബസ്സിൽ 20ലധികം യാത്രക്കാരുണ്ടായിരുന്നു. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഉന്നത സിവിൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. മരിച്ചവരുടെ പേരുവിവരങ്ങൾ ജില്ലാ അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിൻ്റെ കാരണം അന്വേഷിക്കുമെന്നും അധികൃതർ പറഞ്ഞു.
Content Highlights: 8 killed after bus falls into drain in Bathinda