
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് നടന്‍ ജാമ്യ ഹര്‍ജിയുമായി നാമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ഓണ്‍ലൈന്‍ ആയാണ് നടന്‍ കോടതിയില്‍ ഹാജരായത്.
കേസ് പരിഗണിക്കവെ പ്രോസിക്യൂഷന്‍ കോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. അല്ലു അര്‍ജുന്റെ വാദങ്ങളെ എതിര്‍ക്കുന്നതിന് കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ തിങ്കളാഴ്ച വരെ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.
ഇക്കഴിഞ്ഞ ഡിസംബര്‍ നാലിനായിരുന്നു സംഭവം നടന്നത്. പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്ക് ഹൈദരാബാദ് സന്ധ്യ തിയറ്ററില്‍ എത്തിയ ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതിയാണ് ദാരുണമായി മരിച്ചത്. അല്ലു അര്‍ജുന്റെ വലിയ ഫാനായ മകന്‍ ശ്രീതേജിന്റെ നിര്‍ബന്ധപ്രകാരമായിരുന്നു രേവതിയും കുടുംബവും പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്ക് എത്തിയത്. ഇതിനിടെ അല്ലു അര്‍ജുന്‍ തിയറ്ററിലേക്ക് എത്തുകയും താരത്തെ കാണാന്‍ ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തു. തിയറ്ററിലേക്ക് കയറാനുള്ള ശ്രമത്തിനിടെ രേവതിയും മകന്‍ ശ്രീതേജും തിരക്കില്‍പ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ രേവതിയേയും ശ്രീതേജിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രേവതി മരിച്ചു.
സംഭവത്തില്‍ സന്ധ്യ തിയറ്റര്‍ ഉടമ, മാനേജര്‍, സെക്യൂരിറ്റി ഇന്‍ ചാര്‍ജ് എന്നിവര്‍ക്കെതിരെ കേസെടുത്തു. തൊട്ടുപിന്നാലെ അല്ലു അര്‍ജുനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു ദിവസം ജയിലില്‍ കിടന്ന ശേഷമാണ് അല്ലു പുറത്തിറങ്ങിയത്. സംഭവത്തില്‍ അല്ലു അര്‍ജുന്റെ ബൗണ്‍സറായ ആന്റണിയും അറസ്റ്റിലായിരുന്നു. ആന്റണിയുടെ നേതൃത്വത്തിലുള്ള ബൗണ്‍സര്‍മാര്‍ ആരാധകരെ തള്ളുകയും മര്‍ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സംഭവ സമയത്ത് തിയറ്ററിന്റെ നിയന്ത്രണം പൂര്‍ണമായും ബൗണ്‍സര്‍മാര്‍ ഏറ്റെടുത്തിരുന്നു. സന്ധ്യ തിയറ്ററിലെ തിരക്ക് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നതോടെ അല്ലു അര്‍ജുനെതിരായ കുരുക്ക് മുറുകുന്നുവെന്നാണ് സൂചന.
Content Highlights- Allu arjun's bail hearing in theatre stampede case adjourned to december 30