ന്യൂഡൽഹി: തണുത്ത് വിറച്ച് ഡൽഹിയും ഉത്തരേന്ത്യയിലെ മറ്റ് പ്രദേശങ്ങളും. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വെള്ളിയാഴ്ച പെയ്ത ശക്തമായ മഴയിൽ താപനില കുറഞ്ഞു. 15 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇന്നത്തെ കൂടിയ താപനില. മേഖലയിൽ ആലിപ്പഴ സാധ്യത ചൂണ്ടിക്കാട്ടി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇതിന് പുറമേ ഡൽഹിയിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു.
ശനി, ഞായർ ദിവസങ്ങളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയെ തുടർന്ന് സൗത്ത്, സെൻട്രൽ, നോർത്ത് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ഡൽഹി സർവകലാശാലയുടെ നോർത്ത് കാമ്പസിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും ഇത് കാരണമായി.
ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, പശ്ചിമ ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ, പശ്ചിമ മധ്യപ്രദേശ് എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന് പുറമേ തെക്കുകിഴക്കൻ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ ആലിപ്പഴവർഷത്തോടൊപ്പമുള്ള ഇടിമിന്നലിനും സാധ്യതയുണ്ട്. നാളെ പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്ക്കും മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Content Highlights: Dark skies bitter cold after heavy rain in Delhi