സമാനതകളില്ലാത്ത നേതാവ്, ഇന്ത്യക്ക് നഷ്ടമായത് ദീർഘവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞനെ; മല്ലികാർജുൻ ഖർഗെ

'ഈ വലിയ നഷ്ടം തരണം ചെയ്യാനുള്ള കരുത്ത് അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഉണ്ടാകട്ടെ'

dot image

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കോൺ​ഗ്രസ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ. മുൻ പ്രധാനമന്ത്രിയുടെ വിയോഗത്തോടെ ഇന്ത്യക്ക് നഷ്ടമായത് ദീർഘവീക്ഷണമുള്ള ഒരു രാഷ്ട്രതന്ത്രജ്ഞനെയെന്ന് ഖർഗെ തന്റെ ഔദ്യോ​ഗിക എക്സ് പോസ്റ്റിൽ കുറിച്ചു. ഡോ. മൻമോഹൻ സിംഗ് സമാനതകളില്ലാത്ത ഒരു സാമ്പത്തിക വിദഗ്ധനായിരുന്നു. അദ്ദേഹത്തിൻ്റെ സാമ്പത്തിക ഉദാരവൽക്കരണ നയവും, അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ഷേമ മാതൃകയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തെയാണ് മാറ്റി മറിച്ചത്.

തൊഴിൽ മന്ത്രി, റെയിൽവേ മന്ത്രി, സാമൂഹ്യക്ഷേമ മന്ത്രി എന്നീ നിലകളിൽ അദ്ദേഹത്തിൻ്റെ മന്ത്രിസഭയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. വാക്കുകളേക്കാൾ പ്രവർത്തിയിൽ വിശ്വസിച്ച മനുഷ്യനായിരുന്നു അദ്ദേഹം. രാഷ്ട്രനിർമ്മാണത്തിൽ അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾ ഇന്ത്യൻ ചരിത്രത്തിൽ എക്കാലവും രേഖപ്പെടുത്തപ്പെടും. മുതിർന്ന സഹപ്രവർത്തകന്റെ വിയോ​ഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. ഈ വലിയ നഷ്ടം തരണം ചെയ്യാനുള്ള കരുത്ത് അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഉണ്ടാകട്ടെ. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്ന് ഖർഗെ കുറിച്ചു.

ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മന്‍മോഹന്‍ സിംഗിന്റെ അന്ത്യം. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. മന്‍മോഹന്‍ സിംഗിന്റെ സംസ്കാരം നാളെ നടക്കും. അദ്ദേഹത്തിന്റെ മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. ഭൗതികശരീരം ദില്ലി ജൻപതിലെ വസതിയിൽ എത്തിച്ചു. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്തും പുതുദർശനം ഉണ്ടാകും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ അടക്കമുള്ള നേതാക്കൾ മൻമോഹൻ സിംഗിന്റെ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു.

Also Read:

രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും വസതിയിൽ മൻമോഹൻ സിംഗിന് അന്തിമോപചാരം അർപ്പിക്കും.പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം നടത്തുക. മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തീരുമാനിച്ച എല്ലാ സർക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ അടുത്ത ഏഴ് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയതായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. 2025 ജനുവരി മൂന്നിന് ആയിരിക്കും പുനരാരംഭിക്കുക.

Content Highlights: Mallikarjun Kharge has condoled the death of former Prime Minister Manmohan Singh

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us