രാഷ്ട്രീയത്തിൻ്റെ പരുക്കൻ ലോകത്തെ സൗമ്യനായ മനുഷ്യൻ: പ്രിയങ്കാ ഗാന്ധി

'എതിരാളികളില്‍ നിന്ന് വ്യക്തിപരമായി പോലും ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടും അദ്ദേഹം നിലപാടുകളില്‍ നിന്ന് വ്യതിചലിച്ചില്ല'

dot image

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി വയനാട് എം പി പ്രിയങ്കാ ​ഗാന്ധി. രാഷ്ട്രീയത്തിൻ്റെ പരുക്കൻ ലോകത്തെ സൗമ്യനായ മനുഷ്യനായിരുന്നു അദ്ദേഹമെന്ന് പ്രിയങ്കാ ​ഗാന്ധി തന്റെ ഔദ്യോ​ഗിക എക്സ് പോസ്റ്റിൽ കുറിച്ചു. രാഷ്ട്രത്തെ പ്രതിബദ്ധതയോടെ സേവിച്ച നേതാവാണ് മന്‍മോഹന്‍ സിംഗ്. എതിരാളികളില്‍ നിന്ന് വ്യക്തിപരമായി പോലും ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടും അദ്ദേഹം നിലപാടുകളില്‍ നിന്ന് വ്യതിചലിച്ചില്ല. രാഷ്ട്രീയ രംഗത്തെ പരുക്കന്‍ ലോകത്ത് സൗമ്യനായിരുന്നു മന്‍മോഹന്‍ സിംഗ്. രാജ്യത്തെ യഥാർത്ഥമായി സ്നേഹിക്കുന്നവർക്കിടയിൽ അദ്ദേഹം എന്നേക്കും തലയുയർത്തി തന്നെ നിൽക്കുമെന്നും പ്രിയങ്കാ ​ഗാന്ധി കുറിച്ചു.

ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മന്‍മോഹന്‍ സിംഗിന്റെ അന്ത്യം. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. അതേ സമയം, മന്‍മോഹന്‍ സിംഗിന്റെ സംസ്കാരം നാളെ നടക്കും. അദ്ദേഹത്തിന്റെ മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. ഭൗതികശരീരം ദില്ലി ജൻപതിലെ വസതിയിൽ എത്തിച്ചു. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്തും പുതുദർശനം ഉണ്ടാകും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ അടക്കമുള്ള നേതാക്കൾ മൻമോഹൻ സിംഗിന്റെ വസതിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും വസതിയിൽ മൻമോഹൻ സിംഗിന് അന്തിമോപചാരം അർപ്പിക്കും.

പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം നടത്തുക. മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തീരുമാനിച്ച എല്ലാ സർക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ അടുത്ത ഏഴ് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയതായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. 2025 ജനുവരി മൂന്നിന് ആയിരിക്കും പുനരാരംഭിക്കുക.

Content Highlights: Priyanka Gandhi Vadra has condoled the death of former Prime Minister Manmohan Singh

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us