'ഈ കുഞ്ഞ് കളക്ടർ മാഡത്തിന്റെ ആയിരുന്നെങ്കിലോ?'; കുഴൽക്കിണറിൽ വീണ ചേതനയുടെ അമ്മ ചോദിക്കുന്നു

ശനിയാഴ്ച പുറത്തുവന്ന വീഡിയോയിൽ മകളെ രക്ഷിക്കാൻ കൈകൾ കൂപ്പി കരഞ്ഞ് അപേക്ഷിക്കുകയാണ് ധോളി ദേവി

dot image

ജെയ്പൂർ: ആറു ദിവസമായി ഒരമ്മ കണ്ണീരോടെ തന്‍റെ മകൾക്കായി കാത്തിരിക്കുകയാണ്. 150 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് ധോളി ദേവിയുടെ മൂന്ന് വയസ്സുള്ള മകൾ ചേതന. രക്ഷാപ്രവർത്തനം 110 മണിക്കൂർ പിന്നിടുമ്പോൾ ധോളി ദേവി അധികൃതരോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. 'ഈ കുഞ്ഞ് കളക്ടർ മാഡത്തിന്റെ കുട്ടിയായിരുന്നെങ്കിൽ എന്തുചെയ്യും?'. ചോദ്യം പ്രസക്തമാണ്. ശനിയാഴ്ച പുറത്തുവന്ന വീഡിയോയിൽ മകളെ രക്ഷിക്കാൻ കൈകൾ കൂപ്പി കരഞ്ഞ് അപേക്ഷിക്കുകയാണ് ധോളി ദേവി.

‘ഇത് ആറ് ദിവസമായി… എന്റെ മോൾക്ക് വിശപ്പും ദാഹവും ഉണ്ടാവും. ഈ കുഞ്ഞ് കളക്ടർ മാഡത്തിന്റെ കുട്ടിയായിരുന്നെങ്കിൽ എന്തുചെയ്യും? അവളെ ഇത്രയും ദിവസം അവിടെയിടാൻ അവർ അനുവദിക്കുമോ? ദയവായി എന്റെ മകളെ എത്രയും വേഗം പുറത്തെടുത്ത് തരിക’, ഉള്ളുപിടഞ്ഞുകൊണ്ട് അമ്മ പറയുന്നു. ഇതുവരെയും ജില്ലാ കളക്ടർ കുടുംബത്തെ സന്ദർശിച്ചിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

രാജസ്ഥാനിലെ കോട്പുത്‌ലി-ബെഹ്‌റോർ ജില്ലയിലെ കൃഷിയിടത്തിൽ കളിക്കുന്നതിനിടെയാണ് ചേതന കുഴൽക്കിണറിൽ വീണത്. ആദ്യം കയറിൽ ഘടിപ്പിച്ച ഇരുമ്പ് വളയമുപയോഗിച്ച് പെൺകുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബുധനാഴ്ച പൈലിങ് മെഷീൻ സ്ഥലത്തെത്തിച്ച് സമാന്തരമായി കുഴിയെടുത്തു. വെള്ളിയാഴ്‌ച മഴ രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തിയതിനെ തുടർന്ന് ശനിയാഴ്ച രണ്ടംഗ സംഘം തുരങ്കം കുഴിക്കാൻ കുഴിയിൽ ഇറങ്ങി. കുഴൽക്കിണറിനു സമീപം സമാന്തരമായി കുഴിയെടുത്ത് എൽ ആകൃതിയിലുള്ള തുരങ്കത്തിലൂടെ ചേതനയ്ക്കടുത്തെത്താനാണ് ശ്രമം നടക്കുന്നത്. ഈമാസം 13 ന് രാജസ്ഥാനിൽ കുഴൽക്കിണറിൽ കുടുങ്ങിയ അഞ്ച് വയസുകാരൻ ആര്യൻ മരിച്ചിരുന്നു. 56 മണിക്കൂറിലേറെയാണ് ആര്യൻ കുഴൽക്കിണറിൽ കുടുങ്ങിക്കിടന്നത്.

Content Highlights: Rajasthan Girl Remains Trapped In Borewell For 6th Straight Day

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us