മുംബൈ: കേരളത്തിനെതിരായി അധിക്ഷേപ പരാമര്‍ശത്തില്‍ വിശദീകരണവുമായി ബിജെപി മന്ത്രി നിതേഷ് റാണ. കേരളത്തിലെ സാഹചര്യം പാകിസ്താനുമായി താരതമ്യം ചെയ്യുകയാണ് താന്‍ ചെയ്തതെന്നാണ് റാണയുടെ വിശദീകരണം.
'കേരളം ഇന്ത്യയുടെ ഭാഗമാണ്. എന്നിരുന്നാലും കേരളത്തില്‍ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നത് എല്ലാവരും ആശങ്കപ്പെടുന്ന കാര്യമാണ്. ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യുന്നത് ദൈനംദിന കാര്യമായി മാറിയിരിക്കുന്നു. ഹിന്ദു സ്ത്രീകളെ ലക്ഷ്യം വെച്ചുള്ള ലൗ ജിഹാദ് കേസുകളും കേരളത്തില്‍ കൂടുകയാണ്. ഞാന്‍ കേരളത്തിലെ സാഹചര്യം പാകിസ്താനുമായി താരതമ്യം ചെയ്യുകയാണ് ചെയ്തത്. ഹിന്ദുക്കളോട് പാകിസ്താന്‍ പെരുമാറുന്ന രീതി നമ്മുടെ രാജ്യത്തുമുണ്ടായാല്‍ നമ്മള്‍ അതിനെതിരെ പ്രതികരിക്കണം. അതാണ് ഞാന്‍ പ്രസംഗത്തില്‍ പറയാന്‍ ശ്രമിച്ചത്. ഞാന്‍ വസ്തുതകള്‍ മാത്രമാണ് പറഞ്ഞത്. 12000 ഹിന്ദു സ്ത്രീകളെ ഇസ്‌ലാം, ക്രിസ്ത്യന്‍ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് തടഞ്ഞ് അവരെ സഹായിച്ച ഒരാള്‍ എന്നോടൊപ്പമുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയയെും കുറിച്ച് ഞാന്‍ പറഞ്ഞത് വയനാട് മണ്ഡലത്തിലെ ആരോടെങ്കിലും ചോദിക്കൂ. അവര്‍ രണ്ട് പേരെയും പിന്തുണച്ചത് ആരാണെന്ന് ആ മണ്ഡലത്തിലുള്ളവരോട് ചോദിച്ചാല്‍ മനസിലാകും.', ഇതാണ് റാണയുടെ വിശദീകരണം.
കേരളം മിനി പാകിസ്താനെന്നാണ് മന്ത്രിയുടെ വിദ്വേഷ പ്രസംഗം. കേരളം മിനി പാകിസ്താന്‍ ആയതുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത്. കേരളത്തില്‍ ന്യൂനപക്ഷ വോട്ടിന്റെ ബലത്തിലാണ് ഇവര്‍ വിജയിച്ചതെന്നും നിതീഷ് റാണെ പറഞ്ഞു. ഇന്നലെ പൂനെയില്‍ നടന്ന പൊതുയോഗത്തിലാണ് റാണെയുടെ വിദ്വേഷ പരാമര്‍ശം.
നിരന്തരം വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നതില്‍ കുപ്രസിദ്ധനാണ് റാണെ. അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ പ്രകോപന പ്രസ്താവന നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മഹാരാഷ്ട്ര പൊലീസ് പരിപാടിയുടെ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് വകവെയ്ക്കാതെയാണ് കേരളത്തിനെതിരെ നിതീഷ് റാണെയുടെ വിദ്വേഷ പരാമര്‍ശം.
അതേസമയം, കേരളത്തിനെതിരായ മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപിയുടെ രാഷട്രീയ ശൈലിയാണ് നിതീഷ് റാണെ പ്രകടിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. നിതീഷ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി ഉള്‍പ്പടെയുള്ള പാര്‍ട്ടികളും രംഗത്തെത്തി. കേന്ദ്ര മന്ത്രിയായിരുന്ന നാരായണ റാണെയുടെ മകനാണ് നിതീഷ്.
Content Highlights: BJP Minister Nitesh Rana explains the insulting remarks against Kerala