ന്യൂഡൽഹി: കേരളത്തെ അധിക്ഷേപിച്ച് മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെ. കേരളം മിനി പാകിസ്താനെന്നാണ് മന്ത്രിയുടെ വിദ്വേഷ പ്രസംഗം. കേരളം മിനി പാകിസ്താൻ ആയതുകൊണ്ടാണ് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത്. കേരളത്തിൽ ന്യൂനപക്ഷ വോട്ടിൻ്റെ ബലത്തിലാണ് ഇവർ വിജയിച്ചതെന്നും നിതീഷ് റാണെ പറഞ്ഞു. ഇന്നലെ പൂനെയിൽ നടന്ന പൊതുയോഗത്തിലാണ് റാണെയുടെ വിദ്വേഷ പരാമർശം.
നിരന്തരം വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നതിൽ കുപ്രസിദ്ധനാണ് റാണെ. അദ്ദേഹം പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ പ്രകോപന പ്രസ്താവന നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മഹാരാഷ്ട്ര പൊലീസ് പരിപാടിയുടെ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് വകവെയ്ക്കാതെയാണ് കേരളത്തിനെതിരെ നിതീഷ് റാണെയുടെ വിദ്വേഷ പരാമർശം.
അതേസമയം, കേരളത്തിനെതിരായ മന്ത്രിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ബിജെപിയുടെ രാഷട്രീയ ശൈലിയാണ് നിതീഷ് റാണെ പ്രകടിപ്പിച്ചതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. നിതീഷ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് എൻസിപി ഉൾപ്പടെയുള്ള പാർട്ടികളും രംഗത്തെത്തി. കേന്ദ്ര മന്ത്രിയായിരുന്ന നാരായണ റാണെയുടെ മകനാണ് നിതീഷ്.
Content highlight- Nitish Rana with 'Kerala Mini Pakistan' hate speech