ബെംഗളൂരു: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്‌ക്കെതിരായ അറസ്റ്റ് വാറണ്ടിന് സ്റ്റേ. കണാടക ഹൈക്കോടതിയാണ് സ്റ്റേ ചെയ്തത്. ഉത്തപ്പയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ പിഎഫ് തട്ടിപ്പ് കണ്ടെത്തിയിരുന്നു. തട്ടിപ്പുകേസിൽ പങ്കില്ലെന്നായിരുന്നു റോബിൻ ഉത്തപ്പ നൽകിയ വിശദീകരണം. തട്ടിപ്പ് നടന്നതായി പറയുന്ന കമ്പനികളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ തനിക്ക് പങ്കില്ലെന്നും താരം പറഞ്ഞിരുന്നു. ഉത്തപ്പയ്‌ക്കെതിരായ പ്രോവിഡന്റ് ഫണ്ട് മേഖലാ കമ്മിഷണർ എസ് ഗോപാൽ റെഡ്ഡിയാണ് അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്.
ജീവനക്കാരുടെ പി എഫ് അക്കൗണ്ടിൽ നിന്നും 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു താരത്തിന് എതിരെയുളള ആരോപണം.
റോബിൻ ഉത്തപ്പയുടെ ഉടമസ്ഥതയിലുളള സെഞ്ച്വറീസ് ലൈഫ് സ്റ്റൈൽ ബ്രാൻഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പല ജീവനക്കാർക്കും പിഎഫ് പണം നൽകാതെ വഞ്ചിച്ചതായി പരാതിയുണ്ട്.
ഡിസംബർ നാലിനാണ് റീജിയണൽ കമ്മീഷണർ റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറൻ്റ് നടപ്പിലാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയത്. എന്നാൽ താരം താമസം മാറിയതിനാൽ വാറൻറ് പിഎഫ് ഓഫീസിലേക്ക് തിരിച്ചയച്ചു. 2022 സെപ്തംബറിൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം കഴിഞ്ഞ ഒരു വർഷമായി താരം കുടുംബത്തോടൊപ്പം ദുബായിലാണ് താമസിക്കുന്നത്.
Content Highlights: Arrest warrant against cricketer Robin Uthappa stayed