ബെംഗളൂരു: പാമ്പ് കടിയേറ്റ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. കർണാടകയിലെ മാരിക്കമ്പ നഗരത്തിലെ അങ്കണവാടിയിൽ പഠിക്കുന്ന മയൂരി സുരേഷാണ് മരിച്ചത്. കെട്ടിടത്തിന് പിന്നിലെ പറമ്പിലേക്ക് മൂത്രമൊഴിക്കാൻ പോയപ്പോഴാണ് മയൂരിയെ പാമ്പ് കടിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
ഒന്നരക്കിലോമീറ്റർ ദൂരെയുള്ള മുണ്ട്‌ഗോഡിലെ താലൂക്ക് ആശുപത്രിയിലാണ് കുട്ടിയെ ആദ്യം എത്തിച്ചത്. അവിടെ നിന്ന് ഹുബ്ബള്ളിയിലെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മയൂരിയെ രക്ഷിക്കാനായില്ല. അങ്കണവാടിക്ക് ചുറ്റുമതിലോ നല്ല ശുചിമുറിയോ ഉണ്ടായിരുന്നില്ല. താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ ദീപയുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് മയൂരിയുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.
പാമ്പ് കടിയേറ്റെന്ന് വ്യക്തമായിട്ടും ഡോക്ടർ ആന്റി വെനം നൽകാതെ മെഡിക്കൽ കോളേജിലേക്ക് അയക്കുകയായിരുന്നുവെന്നും അടിയന്തര പരിചരണം നൽകാതെ മയൂരിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്ന് ആശുപത്രി ജീവനക്കാർ നിർബന്ധിക്കുകയായിരുന്നുവെന്നും കുടുംബം പറയുന്നു.
Content Highlights: five year old girl died after a snake bite on Tuesday