കോലാപൂർ: റോഡിലെ സ്പീഡ് ബ്രേക്കർ തിരികെ കൊണ്ടുവന്നത് മരിച്ചെന്ന് ആശുപത്രി വിധിച്ച ഒരു വയോധികന്‍റെ ജീവൻ. ഡിസംബർ 16-നാണ് പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിലെ കസബ-ബവാഡ നിവാസിയായ ഉൽപെയെ ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർമാർ ഉൽപെ മരിച്ചുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ആംബുലൻസിൽ അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിൽ ഉൾപെയുടെ ബന്ധുക്കളും അയൽക്കാരും അന്ത്യകർമങ്ങൾക്കായി ഒത്തുകൂടിയിരുന്നു. എന്നാൽ റോഡിലെ സ്പീഡ് ബ്രേക്കറുകൾ കയറി ഇറങ്ങുമ്പോൾ അദ്ദേഹത്തിൻറെ വിരലുകളിൽ ചലനമുണ്ടായി.
"ഞങ്ങൾ ആശുപത്രിയിൽ നിന്ന് അദ്ദേഹത്തിൻ്റെ 'ശരീരം' വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ, ആംബുലൻസ് ഒരു സ്പീഡ് ബ്രേക്കറിന് മുകളിലൂടെ കടന്നുപോയി, വിരലുകളിൽ ഒരു ചലനം ഞങ്ങൾ ശ്രദ്ധിച്ചു'', ഭാര്യ പ്രതികരിച്ചു. ഉൽപെയെ മറ്റൊരു ആശുപത്രിയിൽ എത്തിക്കുകയും അവിടെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാകുകയും ചെയ്തു. രണ്ടാഴ്ചയ്ക്ക് ശേഷം, മരണത്തെ വെല്ലുവിളിച്ച് ഉൽപെ വീട്ടിലേക്ക് മടങ്ങി. "എനിക്ക് തലകറക്കവും ശ്വാസംമുട്ടലും അനുഭവപ്പെട്ടു.
ഞാൻ ബാത്ത്റൂമിൽ പോയി ഛർദ്ദിച്ചു. പിന്നീട് എന്താണ് സംഭവിച്ചതെന്നും ആരാണ് എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും എനിക്ക് ഓർമയില്ല", ഉൽപെ പറഞ്ഞു. ഉൽപെ മരിച്ചതായി പ്രഖ്യാപിച്ച ആശുപത്രി സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlights: Kolhapur man walks home fortnight after doctors declare him dead