പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഇൻഡ്യ സഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. നിതീഷ് കുമാറിനായി ‘വാതിൽ തുറന്നിരിക്കുന്നു’ എന്നായിരുന്നു ലാലു പ്രസാദ് യാദവ് പറഞ്ഞത്. തങ്ങളുടെ വാതിലുകൾ നിതീഷ് കുമാറിനായി തുറന്നിട്ടിരിക്കുകയാണ്. അയാളും തന്റെ വാതിലുകൾ തുറക്കണം. ഇത് ഇരുവശത്തേക്കുമുള്ള യാത്ര സുഗമമാക്കും എന്നായിരുന്നു ഒരു അഭിമുഖത്തിൽ ലാലു പറഞ്ഞത്. ഇതോടെ ബിഹാറിൽ വീണ്ടും രാഷ്ട്രീയ മാറ്റം ഉണ്ടാവുമോ എന്ന ചർച്ചകൾക്ക് തുടക്കമായി
ലാലുവിന്റെ ക്ഷണം പൂർണമായും നിരസിക്കാൻ നിതീഷ് കുമാർ തയാറായിട്ടില്ല. ലാലുവിന്റെ ക്ഷണത്തെ കുറിച്ച് മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞാപ്പോൾ 'നിങ്ങൾ എന്തൊക്കെയാണ് പറയുന്നത്?' എന്ന് ചോദിച്ച് നിതീഷ് ഒഴിഞ്ഞുമാറുകയായിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ രണ്ട് തവണയാണ് നിതീഷ് കുമാർ ആർജെഡിയുമായി സഖ്യമുണ്ടാക്കിയത്.
അതേസമയം, ലാലു മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും മറ്റൊരു രാഷ്ട്രീയ നീക്കവും അതിന് പിന്നിലില്ലെന്നുമായിരുന്നു ലാലുവിന്റെ മകനും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവിന്റെ പ്രതികരണം. നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിൻ്റെ അന്ത്യത്തിന് പുതിയ വർഷം സാക്ഷ്യം വഹിക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു. ലാലു പ്രസാദ് യാദവിൻ്റെ പരാമർശം കേന്ദ്രമന്ത്രിയും ജെഡിയു നേതാവുമായ ലാലൻ സിംഗും തള്ളി.
Content Highlights: Lalu Prasad Yadav Says Doors Open For Nitish Kumar