ന്യൂഡൽഹി: ഭാര്യ മുഖാവരണം ധരിക്കാത്തതും സ്വയം പര്യാപ്തയാകുന്നതും വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. ജസ്റ്റിസ് സൗമിത്ര ദായൽ സിങ്, ജസ്റ്റിസ് ദോനാഡി രമേശ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.
കീഴ്‌ക്കോടതി വിവാഹമോചനം തള്ളിക്കൊണ്ട് നടപ്പാക്കിയ ഉത്തരവിനെതിരെ യുവാവ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 23 വർഷമായി ഇരുവരും അകന്ന് താമസിക്കുന്നതിനാൽ കോടതി ഇവർക്ക് വിവാഹമോചനം അനുവദിച്ചിട്ടുണ്ട്. 1990 ഫെബ്രുവരി 26നായിരുന്നു ഇരുവരുടേയും വിവാഹം. 1995ൽ ഇരുവർക്കും കുഞ്ഞുണ്ടായി.പിന്നീട് 23 വർഷക്കാലമായി ദമ്പതികൾ അകന്നാണ് താമസിച്ചിരുന്നത്. തൻ്റെ പങ്കാളി തനിയെ പുറത്ത് പോകുന്നതും സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ സ്വയം പര്യാപത്യയാകുന്നതും തന്നെ മാനസികമായി ആക്രമിക്കുന്നതിന് തുല്യമാണെന്ന് യുവാവ് വാദിച്ചു. മുഖം ഉൾപ്പെടെ മറയ്ക്കുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കാത്തതും വിവാഹ മോചന അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
ഭർത്താവുമായി ഒരുമിച്ച് പോകാൻ ഭാര്യയുടെ ഭാഗത്തുനിന്നും കാര്യമായ നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇരുവർക്കും ഒന്നിച്ച് ജീവിക്കാൻ സാധിക്കില്ല എന്നത് ബന്ധത്തിൽനിന്ന് വ്യക്തമാണ്. 23 വർഷമായി അകന്ന് താമസിക്കുന്നതിനാൽ ഇനി കൂടിചേരാനുള്ള സാധ്യത കുറവാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിവാഹമോചനം അനുവദിച്ചത്.
Content Highlight: Allahabad highcourt says wife being independent, and not wearing veil can't be termed cruelty, and doesn't count as ground for divorce