ചെന്നൈ: തമിഴ്നാട് വില്ലുപുരത്ത് സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ വീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം. എൽകെജി വിദ്യാർത്ഥിയായ ലിയ ലക്ഷ്മിയാണ് മരിച്ചത്. സംഭവത്തിൽ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്കൂളിലെ ശുചിമുറി ഉപയോഗിക്കാൻ ഇറങ്ങിയതായിരുന്നു ലിയ. ഇതിനിടെ കുട്ടി സെപ്റ്റിക് ടാങ്കിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന തുരുമ്പെടുത്ത ഷീറ്റിൽ ചവിട്ടുകയും താഴേക്ക് വീഴുകയുമായിരുന്നു. ഏറെ നേരമായിട്ടും ക്ലാസിൽ തിരിച്ചെത്താതായതോടെ അധ്യാപകർ തിരഞ്ഞെത്തിയപ്പോഴാണ് കുട്ടിയെ സെപ്റ്റിക് ടാങ്കിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ മാനേജ്മെന്റിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് സ്കൂൾ കെട്ടിടത്തിന് മുന്നിൽ കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരും പ്രതിഷേധം ശക്തമാക്കിയിരുന്നു. സംഭവത്തിൽ കുട്ടിയുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ അറിയിച്ചു.
Content Highlight: 4 year old fell into septic tank at school died