ന്യൂഡൽഹി: ചൈനയിലെ എച്ച്എംപിവി വൈറസ് വ്യാപനത്തിൽ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംഭവത്തിൽ ഇന്ത്യയിലെ നിരീക്ഷക സംഘം യോഗം ചേർന്നു. ചൈനയിൽ പടരുന്ന വൈറസ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ മുൻപ് തന്നെ ഉള്ളതാണ്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
എന്താണ് HMPV?
ശ്വാസകോശങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്എംപിവി അഥവാ ഹ്യൂമൺ മെറ്റാന്യൂമോവൈറസ്. ന്യുമോണിയ വിഭാഗത്തിൽപ്പെട്ട രോഗമായാണ് ഇതിനെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികൾ, പ്രായമായവർ തുടങ്ങി എല്ലാ പ്രായത്തിലുള്ളവരെയും ഈ രോഗം ബാധിക്കാമെന്നാണ് ഡിസിസി (യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ) വ്യക്തമാക്കുന്നത്. 2001ലാണ് ആദ്യമായി എച്ച്എംപിവി സ്ഥിരീകരിക്കപ്പെട്ടത്.
ലക്ഷണങ്ങൾ
ശ്വാസകോശ സംബന്ധമായ അണുബാധകൾക്ക് സമാനമാണ് എച്ച്എംപിവിയുലെ ലക്ഷണങ്ങൾ. പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസതടസം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. വൈറസ് ബാധ ഗുരുതരമാകുന്നത് ന്യുമോണിയ പോലുള്ള സങ്കീർണതകൾക്ക് കാരണമായേക്കാം. എച്ച്എംപിവിയുടെ ഇൻക്യുബേഷൻ കാലയളവ് സാധാരണയായി മൂന്ന് മുതൽ ആറ് ദിവസം വരെയാണ്. അണുബാധയുടെ തീവ്രതയനുസരിച്ച് രോഗലക്ഷണങ്ങളുടെ കാലയളവ് നീണ്ടുനിൽക്കും.
HMPV വ്യാപനം
മറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങളുടേതിന് സമാനമാണ് എച്ച്എംപിവി രോഗവ്യാപനം. രോഗം പകരുന്നത് പ്രധാനമായും മൂന്ന് കാരണങ്ങളിലൂടെയാണ്. ചുമയ്ക്കുന്നതിലൂടെയും തുമ്മുന്നതിലൂടെയും പുറത്തേക്ക് വരുന്ന സ്രവങ്ങളിലൂടെ, കൈ കൊടുക്കുന്നത് പോലുള്ള അടുത്തിടപഴകലിലൂടെ, വൈറസ് സാന്നിധ്യമുള്ള പ്രതലങ്ങളിൽ സ്പർശിക്കുകയും അതിന് ശേഷം വായിലോ മൂക്കിലോ കണ്ണിലോ തൊടുകയോ ചെയ്യുന്നതിലൂടെയും രോഗം പകരാം.
HMPV-യുടെ അപകടസാധ്യത
സിഡിസി റിപ്പോർട്ട് അനുസരിച്ച് താഴെ പറയുന്ന വിഭാഗങ്ങളിൽ രോഗം അപകടസാധ്യത വർധിപ്പിച്ചേക്കാം,
കുട്ടികൾ
പ്രായമായവർ
രോഗപ്രതിരോധ ശേഷി കുറഞ്ഞവർ
എപ്പോഴാണ് ചികിത്സ തേടേണ്ടത്?
ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങളുണ്ടെങ്കിൽ അവ ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണെങ്കിൽ താമസിയാതെ തന്നെ ചികിത്സ തേടേണ്ടതാണ്. മൂന്ന് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന, വിട്ടുമാറാത്ത പനിയാണെങ്കിൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.
രോഗ പ്രതിരോധം
സോപ്പ് ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കുക. കുറഞ്ഞത് 20 സെക്കന്റ് എങ്കിലും എടുത്ത് വേണം കൈകൾ കഴുകാൻ.
വൃത്തിയാക്കുന്നതിന് മുമ്പ് കൈകൾ ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് മുഖത്ത് സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
രോഗലക്ഷണങ്ങളുള്ളവരുമായി സുരക്ഷിത അകലം പാലിക്കുക.
തിരക്കുള്ള സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക.
തുടർച്ചയായി ഉപയോഗിക്കുന്ന വസ്തുക്കളും സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക.
രോഗലക്ഷണങ്ങളുണ്ടെന്ന് തോന്നുവർ താമസിക്കാതെ ചികിത്സ തേടാൻ ശ്രദ്ധിക്കുക. മാസ്ക് ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
നിങ്ങൾ ഉപയോഗിക്കുന്ന സാധനങ്ങൾ മറ്റുള്ളവരുമായി ഷെയർ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം.
ചികിത്സ
നിലവിൽ എച്ച്എംപിവിക്ക് പ്രത്യേക ചികിത്സയോ വാക്സിനോ കണ്ടെത്തിയിട്ടില്ല. രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിലും സങ്കീർണതകൾ തടയുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വൈദ്യസഹായമാണ് നൽകുന്നത്.
എച്ച്എംപിവിയും കൊവിഡ് 19ഉം
കൊവിഡ് 19 വൈറസുമായി നിരവധി സാമ്യതകൾ എച്ച്എംപിവിക്കുണ്ട്. വൈറസ് ബാധ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. പകരുന്ന രീതിയിലും രണ്ട് രോഗങ്ങൾ തമ്മിൽ സാമ്യമുണ്ട്. എന്നാൽ ശൈത്യകാലത്തോ ചൂട് കുറഞ്ഞ കാലാവസ്ഥയിലോ ആണ് എച്ച്എംപിവി വ്യാപനം കൂടുന്നതെന്നാണ് റിപ്പോർട്ടുകൾ.
Content Highlights: ministry of health about hmpv