ന്യൂഡൽഹി: കോളേജുകളിലെ ജാതിവിവേചനം ഗുരുതരമായ പ്രശ്നമെന്നും അവ അവസാനിപ്പിക്കണമെന്നും സുപ്രീം കോടതി. വിഷയത്തിൽ തങ്ങൾ ഇടപെടാൻ തയ്യാറെന്നും കൃത്യമായ മാനദണ്ഡങ്ങളും നിയമങ്ങളും ഈ വിഷയത്തിൽ ഉണ്ടാകേണ്ടതുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.
ജസ്റ്റിസ് സൂര്യ കാന്തും ഉജ്ജൽ ഭുയനും അടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന പരാമർശം നടത്തിയത്. ജാതിവിവേചനം നേരിട്ടത് മൂലം ഹൈദരാബാദിൽ ആത്മഹത്യാ ചെയ്ത രോഹിത് വെമുലയുടെയും മുംബൈയിലെ യുവ ഡോക്ടർ പായൽ തദ്‌വിയുടെയും അമ്മമാർ നൽകിയ ഹർജികളിലായിരുന്നു സുപ്രീം കോടതിയുടെ പരാമർശം. യുജിസിയോട് എല്ലാ കോളേജുകളിലും ജാതിവിവേചനം ഇല്ലാതെയാക്കാൻ നിയമവിജ്ഞാപനം ഇറക്കാനും ബെഞ്ച് ആവശ്യപ്പെട്ടു.
'ഞങ്ങൾ ഈ വിഷയത്തെക്കുറിച്ച് ശരിക്കും ആശങ്കയുള്ളവർ തന്നെയാണ്. സുപ്രീം കോടതി ഈ വിഷയത്തിൽ എന്തായാലും ഇടപെടും. 2012ലെ യുജിസി നിയമങ്ങൾ നടപ്പിലാകുന്നുണ്ടോ എന്നറിയാനായി എന്ത് ചെയ്യാൻ പറ്റുമെന്ന് നമുക്ക് നോക്കാം'; ബെഞ്ച് പറഞ്ഞു. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ അഭിപ്രായവും ബെഞ്ച് ആരാഞ്ഞിട്ടുണ്ട്. കൂടെ കോളേജുകളിൽ നിന്ന് ഉയർന്നുവന്നിട്ടുള്ള ഇത്തരം ജാതിവിവേചനങ്ങളുടെ പരാതികൾ പരസ്യമാക്കാനും ആവശ്യപ്പെട്ടു.
Content Highlights: Supremecourt intervenes in caste discrimination at colleges