ന്യൂഡല്ഹി: 20 വർഷങ്ങൾക്ക് മുൻപ് തങ്ങളെ ഉപേക്ഷിച്ചുപോയ അമ്മയെ തേടിയിയെത്തിയിരിക്കുകയാണ് സ്പെയ്ൻ സ്വദേശിനിയായ സ്നേഹ. 2005ൽ വാടക വീട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്നേഹയെ ഭുവനേശ്വറിലെ അനാഥാലയത്തിൽ എത്തിക്കുമ്പോൾ പ്രായം ഒരു വയസ് മാത്രമായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരനാകട്ടെ പ്രായം മാസങ്ങൾ മാത്രവും. മങ്ങിയ ഓർമകളിൽ വളർത്തമ്മയോടൊപ്പം സ്വന്തം അമ്മയെ തേടി സ്നേഹ ഇന്ത്യയിലെത്തിയിട്ട് ദിവസങ്ങളേറെയായി. 24 മണിക്കൂറിനകം അമ്മയെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ പഠനാവശ്യങ്ങൾക്കായി സ്നേഹയ്ക്ക് സ്‌പെയ്‌നിലേയ്ക്ക് മടങ്ങേണ്ടി വരും.
കഴിഞ്ഞ ഡിസംബറിലാണ് സ്നേഹ വളർത്തമ്മയായ സ്പെയ്ൻ സ്വദേശിനി ഗേമയോടൊപ്പം ഒഡീഷയിലെത്തുന്നത്. തങ്ങളെ ദത്തെടുത്തതാണെന്ന് വളർത്തമ്മ ഗേമ വിദാലും അച്ഛൻ ജുവാൻ ജോഷ്വയും നേരത്തെ പറഞ്ഞിരുന്നുവെന്ന് സ്നേഹ പറയുന്നു.
2005ലാണ് സ്നേഹയേയും സഹോദരൻ സോമുവിനെയും അമ്മ ഉപേക്ഷിച്ചുപോയത്. അച്ഛൻ സന്തോഷ് സ്വകാര്യ സ്ഥാപനത്തിൽ പാചകക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. സോമുവിനും സ്നേഹയ്ക്കും സഹോദരങ്ങളായി മറ്റ് രണ്ട് പേരും ഉണ്ടായിരുന്നു. കുടുംബത്തെ ഉപേക്ഷിച്ച് സന്തോഷ് പോയതോടെ നാല് മക്കളേയും പരിപാലിക്കുന്നത് അമ്മ ബനലതയ്ക്ക് പ്രയാസമുണ്ടാക്കി. ഇതോടെയാണ് മുതിർന്ന രണ്ട് മക്കൾക്കുമൊപ്പം ബനലത നാടുവിടുന്നത്. വാടകവീട്ടിൽ തനിച്ചായ സ്നേഹയേയും സഹോദരനേയും വീട്ടുടമ പിന്നീട് അനാഥാലയത്തിൽ എത്തിക്കുകയായിരുന്നു.
"സ്‌പെയ്‌നിൽ നിന്ന് ഭുവനേശ്വറിലേക്കുള്ള എൻ്റെ യാത്രയുടെ ഉദ്ദേശ്യം എൻ്റെ മാതാപിതാക്കളെ, പ്രത്യേകിച്ച് എൻ്റെ അമ്മയെ കണ്ടെത്തുക എന്നതാണ്. എനിക്ക് അവരെ കണ്ടെത്തണം, അവരെ കാണണം. അൽപം ബുദ്ധിമുട്ടാണെന്ന് അറിയാം. എങ്കിലും ഈ യാത്രയ്ക്ക് ഞാൻ തയ്യാറാണ്," സ്നേഹ പറഞ്ഞു. തന്നെ ഉപേക്ഷിച്ചതിന് അമ്മയെ ശകാരിക്കുമോ എന്ന ചോദ്യത്തിന് മൗനമായിരുന്നു സ്നേഹയുടെ മറുപടി.
2010ലാണ് ഗേമയും ജുവാനും സോമുവിനേയും സ്നേഹയേയും ദത്തെടുക്കുന്നത്. സ്നേഹയും സോമുവുമാണ് തങ്ങളുടെ ലോകമെന്നും മകൾ പറഞ്ഞ ആഗ്രഹത്തിനൊപ്പം നിൽക്കുന്നുവെന്നും ഗേമ പ്രതികരിച്ചു. തിങ്കളാഴ്ചയ്ക്കുള്ളിൽ ബനലതയെ കണ്ടെത്താനായില്ലെങ്കിൽ തിരികെ സ്‌പെയ്‌നിലേക്ക് പോകാനാണ് ഗവേഷണ വിദ്യാർത്ഥിനി കൂടിയായ സ്നേഹയുടെ തീരുമാനം. പഠനാവശ്യങ്ങൾക്കായി തിരികെ പോകേണ്ടതുണ്ടെന്നും മാർച്ചിൽ അമ്മയെ തേടി വീണ്ടും ഇന്ത്യയിലെത്തുമെന്നും സ്നേഹ പ്രതികരിച്ചു.
Content Highlight: Abandoned 20 Years Ago, Spanish Woman Returns To India In Search Of Mother