ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിക്കെതിരായ പരാമർശത്തിന് പിന്നാലെ വീണ്ടും വിവാദ പരാമർശവുമായി ബിജെപി നേതാവ് രമേഷ് ബിധുരി. ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെയാണ് ബിധുരി രംഗത്തെത്തിയത്. അതിഷി അച്ഛനെ മാറ്റി എന്നായിരുന്നു ബിധുരിയുടെ പരിഹാസം. ആദ്യം അതിഷി മർലേന ആയിരുന്നു. ഇപ്പോൾ സിംഗ് ആയി മാറി. ആം ആദ്മി പാർട്ടിയുടെ സ്വഭാവം ഇതാണെന്നും ബിധുരി വിമർശിച്ചു.
പാർലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സൽ ഗുരുവിനായി ദയാ ഹർജി നൽകിയവരാണ് അതിഷിയുടെ മാതാപിതാക്കൾ എന്നും ബിധുരി കുറ്റപ്പെടുത്തി. വിഷയത്തിൽ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തി. ബിജെപി നേതാക്കൾ എല്ലാ പരിധികളും ലംഘിക്കുന്നു എന്ന് അരവിന്ദ് കെജ്രിവാൾ വിമർശിച്ചു. വനിതാ മുഖ്യമന്ത്രിയെ അപമാനിക്കുന്നത് ഡൽഹിയിലെ ജനങ്ങൾ സഹിക്കില്ല എന്നും കെജ്‌രിവാൾ വ്യക്തമാക്കി.
നേരത്തെ ഡൽഹിയിൽ ബിജെപി അധികാരത്തിൽ എത്തിയാൽ റോഡുകൾ പ്രിയങ്ക ഗാന്ധിയുടെ കവിളുകൾ പോലെയാക്കും എന്ന ബിധുരിയുടെ പരാമർശം വലിയ വിവാദമായിരുന്നു. പ്രസ്താവന വിവാദമായതിന് പിന്നാലെ ബിധുരി മാപ്പു പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതോടെ വാദം പിൻവലിച്ച് ബിധുരി ഖേദം പ്രകടിപ്പിച്ചു. ബിജെപി സ്ത്രീ വിരുദ്ധ പാർട്ടിയാണെന്നും ഒരു ജനപ്രതിനിധിയിൽ നിന്ന് ഇത്തരത്തിലുള്ള വാക്കുകൾ കേൾക്കുന്നത് ലജ്ജാകരമാണെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനതെ പറഞ്ഞിരുന്നു. ഇതാണ് ബിജെപിയുടെ യഥാർത്ഥ മുഖം. ബിധുരിയുടെ വാക്കുകൾ അയാളുടെ മനോനിലയാണ് സൂചിപ്പിക്കുന്നതെന്നും സുപ്രിയ ശ്രീനതെ വിമർശിച്ചിരുന്നു.
Content Highlight: BJP leader creates controversym says atishi changed her father