ദേശീയ ഗാനം ആലപിച്ചില്ല; നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ തമിഴ്നാട് ഗവർണർ ആർഎൻ രവി ഇറങ്ങി പോയി

രാജ്യത്തിന്റെ ഭരണഘടനയും ദേശീയ ഗാനവും തമിഴ് നാട് നിയമസഭയിൽ അപമാനിക്കപ്പെട്ടെന്ന് രാജ്ഭവൻ

dot image

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ തമിഴ്നാട് ഗവർണർ ആർഎൻ രവി ഇറങ്ങി പോയി. നിയമസഭയിൽ ദേശീയ ഗാനം ആലപിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗവർണർ നിയമസഭ വിട്ടത്. നിയമസഭയിൽ ദേശീയ ഗാനത്തിന് പകരം തമിഴ് തായ് വന്ദനം ആലപിച്ചതാണ് ഗവർണറെ ചൊടിപ്പിച്ചത്.രാജ്യത്തിന്റെ ഭരണഘടനയും ദേശീയ ഗാനവും തമിഴ് നാട് നിയമസഭയിൽ അപമാനിക്കപ്പെട്ടെന്ന് രാജ്ഭവൻ എക്‌സിൽ കുറിച്ചു.

നമ്മുടെ ഭരണഘടന അനുശാസിക്കുന്ന പ്രാഥമ മൗലിക കർത്തവ്യങ്ങളിൽ ഒന്നാണ് ദേശീയഗാനത്തെ ബഹുമാനിക്കുക എന്നത്. എല്ലാ സംസ്ഥാന നിയമസഭകളിലും ഗവർണറുടെ പ്രസംഗത്തിൻ്റെ തുടക്കത്തിലും അവസാനത്തിലും ഇത് ആലപിക്കാറുണ്ട്. ഇന്ന് ഗവർണർ സഭയിൽ എത്തിയപ്പോൾ തമിഴ് തായ് വാഴ്ത്ത് മാത്രമാണ് ആലപിച്ചത്. ഗവർണർ സഭയുടെ ഭരണഘടനാപരമായ കടമയെ ബഹുമാനപൂർവ്വം ഓർമ്മിപ്പിച്ചിരുന്നു. ദേശീയ ഗാനം ആലപിക്കാൻ സഭാ നേതാവിനോട് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ അവരത് നിരസിക്കുകയാണ് ചെയ്തത്. ഭരണഘടനയോടും ദേശീയഗാനത്തോടും ഇത്രയധികം അനാദരവുണ്ടായതിനാലാണ് ഗവർണർ സഭയിൽ നിന്ന് ഇറങ്ങിപ്പോയതെന്നും രാജ്ഭവന്റെ എക്‌സ് പോസ്റ്റിൽ പറയുന്നു.

അഭ്യർത്ഥന തഴയപ്പെട്ടതോടെ ഗവർണർ വേദനയോടെ സഭ വിട്ടെന്നാണ് രാജ്ഭവൻ്റെ വിശദീകരണം. ഇത് മൂന്നാം തവണയാണ് ഗവർണർ ആർ എൻ രവി നയപ്രഖ്യാപന പ്രസംഗം വായിക്കാതെ നിയമസഭ വിടുന്നത്. എന്നാൽ എല്ലാ സർക്കാർ പരിപാടിയുടെയും തുടക്കത്തിൽ തമിഴ് തായ് വന്ദനം ആലപിക്കുന്നതും അവസാനം ദേശീയ ഗാനം ആലപിക്കുന്നതാണ് കാലങ്ങളായി സംസ്ഥാനം തുടർന്ന് പോരുന്ന രീതിയെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി.

Content Highlights: Governor RN Ravi skips address in ​Tamil Nadu Assembly for disrspecting the National Anthem

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us