അഹമ്മദാബാദ്: ബെംഗളുരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി രോഗബാധ റിപ്പോർട്ട് ചെയ്തു. അഹമ്മദാബാദിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുഞ്ഞ് ഇപ്പോൾ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ കര്‍ണ്ണാടകയില്‍ രണ്ട് എച്ച്എംപിവി കേസുകൾ ഐസിഎംആര്‍ സ്ഥിരീകരിച്ചിരുന്നു. മൂന്ന് മാസം പ്രായമായ പെണ്‍ കുഞ്ഞിനും, എട്ട് മാസം പ്രായമുള്ള ആൺ കുഞ്ഞിനുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് കുട്ടികൾക്കും വിദേശയാത്ര പശ്ചാത്തലമില്ല. രണ്ട് കുട്ടികളെയും ഇവരുടെ രക്ഷിതാക്കളെയും ഐസോലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് ആശങ്കയുണ്ടാക്കുന്നുമുണ്ട്.
എന്നാൽ കര്‍ണ്ണാടകയില്‍ സ്ഥിരീകരിച്ച എച്ച്എംപിവിയ്ക്ക് ചൈനാ ബന്ധം ഇല്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. വൈറസ് വ്യാപന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു കൊണ്ട് ചൈന രംഗത്തെത്തിയിരുന്നു. ശൈത്യകാലത്തെ സാധാരണ അണുബാധ മാത്രമേയുളളൂവെന്നും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശ്വാസകോശ അണുബാധ കുറവാണെന്നായിരുന്നു ചൈനയുടെ വിശദീകരണം.
അതേസമയം, എച്ച്എംപിവി കേസുകൾ വർധിക്കുന്നതോടെ ആരോഗ്യ വെല്ലുവിളികൾക്കുള്ള തയ്യാറെടുപ്പ് ഉറപ്പാക്കാൻ ഡൽഹി ഒരുങ്ങി. എച്ച്എംപിവിയും മറ്റ് ശ്വാസകോശ സംബന്ധമായ വൈറസുകളുമായി ബന്ധപ്പെട്ട രോഗങ്ങളും നേരിടാൻ തയ്യാറാകണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഡൽഹിയിലെ ആശുപത്രികൾക്ക് നിർദ്ദേശം നൽകി.
കേസുകളുടെ വിശദമായ രേഖകൾ സൂക്ഷിക്കാൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പാരസെറ്റമോൾ, ആൻ്റി ഹിസ്റ്റാമൈൻസ്, ബ്രോങ്കോഡിലേറ്ററുകൾ, കഫ് സിറപ്പുകൾ തുടങ്ങിയ മരുന്നുകൾ കരുതിവെക്കണമെന്നാണ് നിർദേശം. ഓക്‌സിജനും നേരിയ തോതിലുള്ള രോഗങ്ങളെ ചികിത്സിക്കുന്നതിനുള്ള മരുന്നുകളും കരുതണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. സംശയാസ്പദമായ കേസുകളിൽ കർശനമായ ഐസൊലേഷൻ പ്രോട്ടോക്കോളുകളും സാർവത്രിക മുൻകരുതലുകളും നിർബന്ധമാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ടതില്ലെന്നും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ കാര്യത്തിലെന്നപോലെ പൗരന്മാരോട് കൃത്യമായ മുൻകരുതലുകൾ എടുക്കണമെന്നും നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയവും നിർദ്ദേശിച്ചിരുന്നു.
Content Highlights: HMPV Virus reported at Gujarat