പട്ന: ജാൻ സൂരജ് സ്ഥാപകൻ പ്രശാന്ത് കിഷോറിനെ പാട്ന പൊലീസ് അറസ്റ്റ് ചെയ്തു. ബിപിഎസ്‌സിയുടെ (ബിഹാർ പബ്ലിക്ക് സർവീസ് കമ്മീഷൻ) എഴുപതാം പ്രിലിമിനറി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മരണം വരെ നിരാഹാരം സമരം നടത്തുന്നതിനിടയിലാണ് പ്രശാന്ത് കിഷോറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രശാന്തിനൊപ്പം നിരാഹാരമിരുന്ന ഏതാനും പ്രതിഷേധക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. പട്‌നയിലെ ഗാന്ധി മൈതാനിയിലായിരുന്നു സമരക്കാർ നിരാഹാര സമരമിരുന്നത്. ബിപിഎസ്‌സി പരീക്ഷയിലെ ക്രമക്കേടിലും വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിലും പ്രതിഷേധിച്ചായിരുന്നു ഉപവാസം.
ബിപിഎസ്‌സി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ജനുവരി രണ്ട് മുതലാണ് പ്രശാന്ത് കിഷോർ സമരം ആരംഭിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പൊലീസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ബലം പ്രയോഗിച്ച് ആംബുലൻസിൽ കയറ്റി കൊണ്ടുപോയി എന്നാണ് പ്രശാന്ത് കിഷോറിനൊപ്പമുണ്ടായിരുന്ന അനുയായികൾ പറയുന്നത്. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാലാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് പൊലീസിന്റെ വാദം.
#WATCH | BPSC protest | Bihar: Patna Police vacate the place at Gandhi Maidan where Jan Suraaj chief Prashant Kishor was sitting on an indefinite hunger strike pic.twitter.com/RIm0BtAzyo
— ANI (@ANI) January 5, 2025
ഡിസംബർ 13നാണ് ബിപിഎസ്‌സിയുടെ എഴുപതാം പ്രിലിമിനറി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത്. ഇതിന് ശേഷം ഉദ്യോഗാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ ബിപിഎസ്‌സി ഉത്തരവിട്ടിരുന്നു. ജനുവരി നാലിന് പട്നയിലെ 22 കേന്ദ്രങ്ങളിലായി പുനഃപരീക്ഷ നടത്തുകയും ചെയ്തിരുന്നു. 12,012 ഉദ്യോഗാർത്ഥികളിൽ 8,111 ഉദ്യോഗാർത്ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തത്. എന്നാൽ, 5,943 വിദ്യാർഥികളാണ് വീണ്ടും പരീക്ഷ എഴുതിയത്. പുനഃപരീക്ഷയിൽ ക്രമക്കേടുകളൊന്നും സംഭവിച്ചട്ടില്ലെന്ന് ബിപിഎസ്‌സി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
നേരത്തെ പ്രശാന്തിനും 150 സമരകാർക്കെതിരെയും ജില്ലാ ഭരണകൂടം എഫ്ഐആർ ഫയൽ ചെയ്തിരുന്നു. ഗർദാനി ബാഗിലെ നിർദ്ദിഷ്ട സ്ഥലത്തല്ലാതെ മറ്റൊരു സ്ഥലത്ത് ധർണ അനുവദിക്കില്ലെന്ന് പാട്‌ന ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖർ സിംഗ് പറഞ്ഞു. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് ഇത്തരത്തിലൊരു തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Prashant Kishor, on fast demanding cancellation of Bihar exam, detained