ന്യൂഡൽഹി: സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ പുതിയ വ്യവസ്ഥകളുമായി യുജിസി. വൈസ് ചാൻസലർക്ക് കൂടുതൽ അധികാരം നൽകുന്ന നിയമത്തിൻ്റെ കരട് യുജിസി വിജ്ഞാപനം ചെയ്തു. സർവകലാശാല വിസി നിയമനങ്ങളെ ചൊല്ലിയുള്ള ഗവർണർ സർക്കാർ പോരുകൾ രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ കരട് ചട്ടം യുജിസി പുറത്തിറക്കിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർവകലാശാലകൾക്ക് പുതിയ ചട്ടം ബാധകമാണ്. ചട്ടപ്രകാരമല്ലാതെ നടക്കുന്ന വൈസ് ചാൻസലർ നിയമനങ്ങൾ അസാധുവാക്കപ്പെടും.
വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അധ്യക്ഷനെ നിയോഗിക്കുന്നതും ചാൻസലർ ആയിരിക്കുമെന്നാണ് കരടിൽ സൂചിപ്പിച്ചിരിക്കുന്നത്. 3-5 പേരിൽ നിന്ന് ഒരാളെ ചാൻസലർക്കു വിസിയായി നിമയിക്കാം. പുനർനിയമനത്തിനും അനുമതിയുണ്ട്.
അതേസമയം പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത് സംസ്ഥാന സർക്കാരിന് തിരിച്ചടിയായേക്കും. ചാൻസലറുടേയും സർക്കാരിന്റേയും യുജിസിയുടേയും പ്രതിനിധികളായി മൂന്നു പേരുള്ള സേർച്ച് കമ്മിറ്റിയാണ് കേരള, എംജി, കാലിക്കറ്റ് സർവകലാശാലകളിലുണ്ടായിരുന്നത്. എന്നാൽ ഇതിൽ ചാൻസലർക്കു മേൽക്കൈയ്യുണ്ടെന്ന വിലയിരുത്തലിൽ അഞ്ചംഗം സമിതിക്കായി നിയമസഭ നിയമം പാസാക്കിയിരുന്നു. ഇതിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചിട്ടില്ല.
Content Highlight: UGC issues new guide lines for VC appointment