ഡൽഹിയിൽ ഒറ്റപ്പെട്ട് കോൺഗ്രസ്; മമതയുടെയും അഖിലേഷിന്റെയും പിന്തുണ ആം ആദ്മിക്ക്

തൃണമൂൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ആം ആദ്മിക്കാണ് പിന്തുണ നൽകുന്നത്

dot image

ന്യൂ ഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 'ഇൻഡ്യ' സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ ഒറ്റപ്പെട്ട് കോൺഗ്രസ്.

സഖ്യകക്ഷികളായ മമതയുടെ തൃണമൂൽ കോൺഗ്രസും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയും ആം ആദ്മി പാർട്ടിക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ തന്നെയാണ് മമതയുടെ പിന്തുണയുള്ള കാര്യം അറിയിച്ചത്. 'തൃണമൂൽ ഈ ഡൽഹി തിരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മമത ബാനർജിക്ക് ഇക്കാര്യത്തിൽ വ്യക്തിപരമായി ഞാൻ നന്ദി അറിയിക്കുകയാണ്. നിങ്ങൾ എല്ലായ്പ്പോഴും ഞങ്ങളുടെ നല്ലതും ചീത്തയുമായ സമയത്തിൽ കൂടെ നിന്നിട്ടുണ്ട്'; കെജ്‌രിവാൾ എക്‌സിൽ കുറിച്ചു. സമാജ്‌വാദി പാർട്ടി കഴിഞ്ഞ ഡിസംബറിൽ തന്നെ തിരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇവർക്ക് പുറമെ ശിവസേന ഉദ്ധവ് വിഭാഗവും വരും ദിവസങ്ങളിൽ ആം ആദ്മിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് റിപ്പോർട്ടുകളുണ്ട്.

Also Read:

അതേസമയം, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹിന്ദുത്വ രാഷ്ട്രീയ നീക്കവുമായി അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തി. ഡൽഹിയിലെ പ്രമുഖ സന്യാസിമഠാധിപൻമാരെ ഉൾക്കൊള്ളിച്ച് അരവിന്ദ് കെജ്‌രിവാൾ 'സനാതൻ സേവാ സമിതി' രൂപീകരിച്ചു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് വെറും ഒരു മാസം മാത്രം ബാക്കിനിൽക്കേയാണ് കെജ്‌രിവാളിന്റെ നീക്കം.

ഡൽഹിയിലെ ആം ആദ്മി പാർട്ടി ഓഫീസിന് മുന്നിൽ ക്രമീകരിച്ച വേദിയിൽ വിവിധ ക്ഷേത്രങ്ങളിലെ പൂജാരികൾക്കും സ്വാമിമാർക്കും ഒപ്പം വേദി പങ്കിട്ടുകൊണ്ടായിരുന്നു കെജ്‌രിവാളിന്റെ പ്രഖ്യാപനം. ബിജെപിയുടെ ഹിന്ദുത്വ രാഷ്ടീയത്തിന് ബദലയാണ് ആപ്പിൻ്റെ പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. സനാതന ധർമത്തിനായി സന്യാസിമാർ 24 മണിക്കൂറും പ്രവർത്തിക്കുന്നുവെന്നും ഇവർക്കുവേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും കെജ്‌രിവാൾ പറഞ്ഞു. ക്ഷേത്രങ്ങളിലെ പൂജാരികൾക്ക് ആം ആദ്മി മാസം 18000 രൂപ ഓണറേറിയം പ്രഖ്യാപിച്ചിട്ടുണ്ട് എന്നും തിരഞ്ഞെടുപ്പിന് ശേഷം ഈ സർക്കാർ തന്നെ പ്രഖ്യാപനം യാഥാർത്ഥ്യമാക്കുമെന്നും കെജ്‌രിവാൾ ഉറപ്പ് നൽകി.

നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിലെത്തിയാൽ വിവിധ ക്ഷേത്രങ്ങളിലെ പൂജാരികൾക്കും ഗുരുദ്വാരകളിലെ പുരോഹിതർക്കും 18000 രൂപ നൽകുമെന്ന് കെജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു. പൂജാരി ഗ്രന്ഥി സമ്മാൻ എന്ന് പേരിട്ട പദ്ധതിയുടെ രജിസ്‌ട്രേഷനും ആരംഭിച്ചിരുന്നു.

Content Highlights: Congress isolated as TMC and SP extends support to AAP

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us