ന്യൂ ഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ പൊലീസിനോട് ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി. ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങൾക്കെതിരെയാണ് ഡൽഹി ഹൈക്കോടതി രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിച്ചത്.
ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ യുഎപിഎ നിലനില്‍ക്കുമോയെന്നും പ്രതിഷേധത്തിന് സ്ഥലം കണ്ടെത്തുന്നത് ഗൂഢാലോചനയാകുമോയെന്നുമായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണോ ഗൂഢാലോചനക്കുറ്റം ചുമത്തിയതെന്നും പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത് കലാപത്തിനുള്ള പ്രേരണയാകുമോയെന്നും ഹൈക്കോടതി ചോദിച്ചു. പ്രതികള്‍ക്കെതിരെ യുഎപിഎ നിലനില്‍ക്കുമെന്ന് ദില്ലി പൊലീസ് ബോധ്യപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള 8 പ്രതികളുടെ ജാമ്യാപേക്ഷയിലായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മുഹമ്മദ് സലീം ഖാന്‍, ഷിഫ ഉര്‍ റഹ്‌മാന്‍, ഷദബ് അഹമ്മദ്, അതര്‍ ഖാന്‍, ഖാലിദ് സൈഫി, ഗുല്‍ഫിഷ ഫാത്തിമ എന്നിവരുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെയും വാദം കേള്‍ക്കും.
കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതാണ് കലാപ ഗൂഢാലോചന എന്നാണ് ഡൽഹി പൊലീസിന്റെ വാദം.
രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് ഡൽഹി കലാപ ഗൂഢാലോചന ആസൂത്രണം ചെയ്തവരുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു. ഈ സാഹചര്യത്തില്‍ ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള എട്ട് പ്രതികള്‍ക്കും ജാമ്യം നല്‍കരുതെന്നാണ് ഡൽഹി പൊലീസിന്റെ ആവശ്യം. ജസ്റ്റിസുമാരായ നവീന്‍ ചൗള, ഷാലീന്ദര്‍ കൗര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ഡൽഹി കലാപ ഗൂഢാലോചനക്കേസില്‍ പ്രതിയായ ഉമര്‍ ഖാലിദ് 2020 സെപ്തംബര്‍ മുതല്‍ തിഹാര്‍ ജയിലിലാണ്.
Content Highlights: Delhi High Court on Delhi Riots case