ആരോഗ്യസ്ഥിതി തീർത്തും മോശം; നിരാഹാര സമരം തുടർന്ന് ജ​ഗ്​ജീത് സിങ് ദല്ലേവാൾ; കേന്ദ്രം കണ്ണ് തുറക്കുമോ?

നരേന്ദ്ര മോദി സർക്കാർ താനടങ്ങുന്ന കർഷകരുടെ ആവശ്യങ്ങൾ പരി​ഗണിക്കുന്നത് വരെ സമരം തുടരുമെന്ന ദൃഢപ്രതിജ്ഞയിലാണ് ജ​ഗ്​ജീത് സിങ്

dot image

ഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് 44 ദിവസമായി നിരാഹാര സമരത്തിലാണ് പഞ്ചാബ് സ്വദേശിയും കിസാൻ മോർച്ച നേതാവുമായ ജ​ഗ്​ജീത് സിങ് ദല്ലേവാൾ. കാൻസർ ബാധിതൻ കൂടിയായ ജ​ഗ്​ജീത് സിങ് തന്റെ ആരോഗ്യസ്ഥിതി വകവെയ്ക്കാതെയാണ് സമരരംഗത്തുള്ളത്. നരേന്ദ്ര മോദി സർക്കാർ താനടങ്ങുന്ന കർഷകരുടെ ആവശ്യങ്ങൾ പരി​ഗണിക്കുന്നത് വരെ സമരം തുടരുമെന്ന ദൃഢപ്രതിജ്ഞയിലാണ് ജ​ഗ്​ജീത് സിങ് .

പഞ്ചാബിലെ ഖനൗരി മേഖലയിലെ താത്ക്കാലിക ടെൻ്റിൽ ഒന്നര മാസത്തോളമായി നിരാഹാര സമരം നടത്തിവരികയാണ് ജ​ഗ്​ജീത് സിങ്. ശനിയാഴ്ച്ച കർഷകരെ അഭിസംബോധന ചെയ്യുന്നതിനിടെ ഇദ്ദേഹം കുഴഞ്ഞുവീണിരുന്നു. ജ​ഗ്​ജീതിനെ ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും അദ്ദേഹം വൈദ്യസഹായം നിഷേധിച്ചു.

സർക്കാർ കർഷകരുടെ ആവശ്യങ്ങൾ പരി​ഗണിച്ചില്ലെങ്കിൽ മരണംവരിക്കുമെന്ന നിലപാടാണ് ജ​ഗ്​ജീത് സിങ് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി തന്റെ സ്വത്ത് ഇദ്ദേഹം നിയമപരമായി കുടുംബത്തിന് കൈമാറി.

നാല് വർഷം മുമ്പാണ് ദല്ലേവാളിന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചത്. എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് നിലവിൽ ദല്ലേവാൾ. ഒരുഘട്ടത്തിൽ ഇദ്ദേഹത്തിന്റെ രക്തസമ്മർദം 75/45 ആയി കുറഞ്ഞു. ടെന്റിലുള്ളവർ ദല്ലേവാളിന്റെ പാദങ്ങൾ നിരന്തരം തിരുമ്മിയാണ് രക്തചംക്രമണം നിലനിർത്തുന്നത്.

“കർഷകരുടെ മരണം തടയാൻ, തൻ്റെ ജീവൻ ബലിയർപ്പിക്കാൻ തീരുമാനിച്ചു” എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള തുറന്ന കത്ത് ദല്ലേവാൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയിരുന്നെങ്കിലും അതിന് മറുപടി നൽകാനോ, ഇടപെടൽ നടത്താനോ കേന്ദ്രം തയ്യാറായിട്ടില്ല. “ഇന്ത്യൻ പ്രധാനമന്ത്രിക്ക് അഭിനേതാക്കളെയും, കായിക താരങ്ങളെയും കാണാനും, ഒരു ശതകോടീശ്വരൻ്റെ വിവാഹത്തിൽ പങ്കെടുക്കാനും സമയമുണ്ട്, പക്ഷേ രാജ്യത്തിന് ആവശ്യമായ മിനിമം താങ്ങുവിലയ്ക്ക് വേണ്ടി പോരാടുന്ന കർഷകരെ കാണാൻ സമയമില്ലെന്നും കർഷകർ പറയുന്നു.

കാർഷിക പരിഷ്‌കാരങ്ങളും ന്യായവിലയും ആവശ്യപ്പെട്ട് ഉത്തരേന്ത്യയിൽ നടക്കുന്ന കർഷക പ്രക്ഷോഭങ്ങളുടെ പ്രധാന മുഖങ്ങളിലൊന്നാണ് ദല്ലേവാൾ. 2020-21 ലെ കർഷക പ്രതിഷേധത്തിൽ ആയിരക്കണക്കിന് കർഷകർ ദേശീയ തലസ്ഥാനമായ ഡൽഹിയുടെ അതിർത്തിയിൽ ഒരു വർഷത്തോളം ക്യാമ്പ് ചെയ്തിരുന്നു. കർഷക പ്രക്ഷോഭങ്ങളുടെ ആദ്യഘട്ടം അവസാനിപ്പിക്കാൻ വേണ്ടി തിടുക്കത്തിൽ 3 വിവാദ കാർ‌ഷിക നിയമങ്ങൾ പിൻവലിച്ചശേഷം മറ്റ് ആവശ്യങ്ങൾ പരിഹരിക്കുമെന്ന് മോദി സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ നാളിത് വരെ വാഗ്ദാനം നടപ്പിലാക്കിയിട്ടില്ല. കർഷക പ്രക്ഷോഭങ്ങൾ നിരന്തരം അടിച്ചമർത്തുകയാണ് കേന്ദ്രസർക്കാർ.

Content Highlights : Indian farmer, refuses hospital care as hunger strike hits 44 days

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us