കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. കാലാവധി കഴിഞ്ഞ സലൈൻ കുത്തിവെച്ചതാണ് മരണകാരണമെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. 21കാരിയായ മമോനി റൂയി ദാസ് ആണ് മരിച്ചത്. പ്രസവത്തിന് പിന്നാലെ യുവതിയുടെ ആരോഗ്യനില മോശമാവുകയും ഐസിയുവിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പിന്നാലെ മരണപ്പെട്ടു. മറ്റ് രണ്ട് ഗർഭിണികൾക്ക് കൂടി സമാന രീതിയിൽ ശാരീരിക അസ്വസ്ഥകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇരുവരും നിരീക്ഷണത്തിലാണ്.
ബുധനാഴ്ചയായിരുന്നു യുവതി കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ ശാരീരിക അസ്വസ്ഥകളെ തുടർന്ന് വ്യാഴാഴ്ച ഐസിയുവിലേക്ക് മാറ്റി. വെള്ളിയാഴ്ചയാണ് യുവതി മരണപ്പെടുന്നത്. സംഭവത്തിന് പിന്നാലെ പത്തംഗ സമിതിയെ അന്വേഷണത്തിനായി സംസ്ഥാന ആരോഗ്യ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.
കാലാവധി കഴിഞ്ഞ സലൈൻ ഉപയോഗിച്ചതാണ് മരണ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. കൃത്യമായ ചികിത്സ ലഭിക്കാത്തതും മരണത്തിലേക്ക് നയിച്ചെന്നും ആരോപണമുണ്ട്. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്.
Content Highlight: 21 year old died Family alleges hospital injected expired saline during delivery