ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുന് ആശ്വാസ ഉത്തരവുമായി കോടതി. എല്ലാ ഞായറാഴ്ചയും പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നുള്ള നിബന്ധന കോടതി എടുത്തുകളഞ്ഞു. വിദേശയാത്രയ്ക്കും അല്ലു അർജുന് കോടതി അനുമതി നൽകിയിട്ടുണ്ട്. അല്ലു അർജുന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെ ജാമ്യവ്യവസ്ഥകളിൽ ഇളവ് തേടി അല്ലു അർജുൻ കോടതിയെ സമീപിക്കുകയായിരുന്നു.
ഡിസംബർ നാലിനായിരുന്നു അല്ലു അർജുനെതിരെ പൊലീസ് കേസെടുക്കുന്നത്. സന്ധ്യ തിയേറ്ററിൽ പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരണപ്പെടുകയും ഒമ്പത് വയസുള്ള മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് അല്ലു അർജുൻ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തത്. മസ്തിഷ്ക മരണം സംഭവിച്ച കുട്ടി ചികിത്സയിലാണ്.
ഡിസംബർ 13നാണ് കേസിൽ അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസിൽ 11-ാം പ്രതിയാണ് അല്ലു. ഇതേ ദിവസം തന്നെ നാലാഴ്ചത്തെ ജാമ്യവും കോടതി അനുവദിച്ചിരുന്നു. ഈ ജാമ്യകാലാവധി അവസാനിക്കാനായതോടെ അല്ലു അഡീഷണൽ മെട്രോപൊളിറ്റൻ കോടതിയെ സമീപിച്ചു. ജനുവരി മൂന്നിനാണ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുന്നത്.
Content Highlight: Court relaxes Allu Arjun's bail conditions, allows him to travel abroad