ജയ്പൂർ: മോഷണം നടത്തിയെന്ന് സംശയത്തിന് പിന്നാലെ ദളിത് യുവാവിനെ തലകീഴായി കെട്ടിത്തൂക്കി മർദിച്ച് പ്രദേശവാസികൾ. രാജസ്ഥാനിലെ ബാർമേറിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. യുവാവിനെ തലകീഴായി കെട്ടിത്തൂക്കിയ ശേഷം വടികൊണ്ടും മറ്റും മർദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വെറുതെവിടണമെന്ന് യുവാവ് ആവശ്യപ്പെട്ടിട്ടും പ്രദേശവാസികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇരയുമായി ബന്ധപ്പെട്ടിരുന്നുവെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. വീഡിയോ പരിശോധിച്ച ശേഷം കണ്ടാൽ തിരിച്ചറിയാവുന്നവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയായിരിക്കും കേസ്.
Content Highlight: Dalit man hanged, attacked in suspect of theft at Rajasthan