ന്യൂ ഡൽഹി: ഹോസ്റ്റൽ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് ചൂണ്ടിക്കാട്ടി രണ്ട് ജെഎൻയു വിദ്യാർത്ഥികൾക്ക് രണ്ട് ലക്ഷത്തിനടുത്ത് രൂപ പിഴ ചുമത്തി പൊലീസ്. ഹോസ്റ്റലിലെ രണ്ട് വിദ്യാർത്ഥികൾക്കും കൂടി 1.79 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്.
പുറത്തുനിന്നുള്ള ആളുകളെ ഹോസ്റ്റലിലേക്ക് പ്രവേശിപ്പിച്ചു, അവരുമായി ഹോസ്റ്റൽ മുറിയിൽ ഇരുന്ന് മദ്യപിച്ചു എന്നിങ്ങനെയാണ് കുറ്റങ്ങൾ. ഓരോ കുറ്റങ്ങൾക്കും പ്രത്യേക തുകയാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ഒരു വിദ്യാർത്ഥിക്ക് പുറത്തുനിന്ന് ആളുകളെ ഹോസ്റ്റലിലേക്ക് പ്രവേശിപ്പിച്ചതിന് 60,000 രൂപ, മോശം പെരുമാറ്റത്തിനും ഹോസ്റ്റൽ സ്റ്റാഫിന്റെ കൃത്യനിർവഹണം തടസ്സപ്പടുത്തിയതിനും 10,000 രൂപ, 6,000 രൂപ ഇൻഡക്ഷൻ സ്റ്റവ്വും ഹീറ്റർ എന്നിവ ഉപയോഗിച്ചതിന്, മദ്യപിച്ചതിനും ഹുക്ക വലിച്ചതിനും 2,000 രൂപ എന്നിങ്ങനെയാണ് പിഴ ചുമത്തിയിരിക്കുന്നത്.
രണ്ടാമത്തെ വിദ്യാർത്ഥിക്കും വലിയ തുക തന്നെയാണ് പിഴയായി ലഭിച്ചിരിക്കുന്നത്. രണ്ട് സംഭവങ്ങളിലായി, പുറത്തുനിന്നുള്ള ആളുകളെ ഹോസ്റ്റലിലേക്ക് പ്രവേശിപ്പിച്ചതിന് 85,000 രൂപയാണ് പിഴയായി ചുമത്തിയിട്ടുള്ളത്. മോശം പെരുമാറ്റത്തിന് 10,000 രൂപ, മദ്യപാനവും മറ്റുമായി 4000 രൂപയുമാണ് ചുമത്തിയിട്ടുള്ളത്.
എന്നാൽ എബിവിപിയെ പിന്തുണയ്ക്കാത്ത വിദ്യാർത്ഥികളെ തിരഞ്ഞുപിടിച്ച് ഫൈനടപ്പിക്കുന്നുവെന്നാണ് സത്ലേജ് ഹോസ്റ്റൽ മുൻ പ്രസിഡന്റ് കുനാൽ കുമാർ ആരോപിക്കുന്നത്. ഇത്രയും വലിയ തുക പിഴയീടാക്കുന്നത് പിടിച്ചുപറിയാണെന്നും കുനാൽ പറഞ്ഞു.
Content Highlights: Two JNU students fined 1.79 lakh