ന്യൂഡല്‍ഹി: തൊഴില്‍ സമയം ആഴ്ചയില്‍ 90 മണിക്കൂര്‍ വര്‍ധിപ്പിക്കണമെന്ന ലാന്‍സണ്‍ ആന്‍ഡ് ടുബ്രോ (എല്‍ ആന്‍ഡ് ടി) ചെയര്‍മാന്‍ എസ് എന്‍ സുബ്രഹ്‌മണ്യന്റെ പ്രസ്താവനയെ തള്ളി സിഐടിയു. ബിജെപി സര്‍ക്കാരിന്റെ ഒത്താശയോടെ ഇന്ത്യന്‍ തൊഴിലാളികളുടെ രക്തവും വിയര്‍പ്പും പിഴിഞ്ഞെടുക്കാന്‍ കോര്‍പറേറ്റ് തലവന്മാര്‍ മത്സരിക്കുകയാണെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ പറഞ്ഞു.
ജോലി സമയം വര്‍ധിപ്പിക്കുന്നത് തൊഴിലാളികളുടെ ആരോഗ്യത്തെയും സാമൂഹ്യ ജീവിതത്തേയും വിനാശതരമായി ബാധിക്കുമെന്നും തപന്‍ സെന്‍ പറഞ്ഞു. കൊള്ളലാഭം കൊയ്യാനായി തൊഴില്‍ സമയം വര്‍ധിപ്പിച്ചും ജോലി ഭാരം അടിച്ചേല്‍പ്പിച്ചും ഇന്ത്യയിലെ തൊഴിലാളികളെ കൊടിയ ചൂഷണത്തിന് വിധേയരാക്കുകയാണ്. ഇതേ തുടര്‍ന്ന് 2022 ല്‍ 11,486 തൊഴിലാളികള്‍ ആത്മഹത്യ ചെയ്തുവെന്നാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ടെന്നും തപന്‍ സെന്‍ ചൂണ്ടിക്കാട്ടി.
പ്രതിദിന തൊഴില്‍സമയം പന്ത്രണ്ട് മണിക്കൂറായി ഉയര്‍ത്താന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ശ്രമവും എതിര്‍പ്പ് നേരിടുകയാണെന്നും തപന്‍ സെന്‍ പറഞ്ഞു. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് ആവശ്യപ്പെടുന്ന പ്രകാരം പ്രതിദിന തൊഴില്‍സമയം ഏഴ് മണിക്കൂറായി പ്രഖ്യാപിക്കണം. ആഴ്ചയില്‍ പ്രവൃത്തിദിനം അഞ്ച് ആക്കണമെന്നും തപന്‍ സെന്‍ ആവശ്യപ്പെട്ടു.
Content Highlights- citu against statement of l and tchairman statement on duty time