ഇംഫാല്‍: നാഗ -കുക്കി സംഘര്‍ഷത്തെ തുടര്‍ന്ന് മണിപ്പൂരിലെ കാങ്പോക്പി ജില്ലയിലെ രണ്ട് അയല്‍ ഗ്രാമങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി അധികൃതര്‍. ശനിയാഴ്ചയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. കാങ്ചുപ് ഗെല്‍ജാങ് സബ് ഡിവിഷനു കീഴിലുള്ള കോണ്‍സഖുല്‍, ലെയ്ലോണ്‍ വൈഫെ ഗ്രാമങ്ങളില്‍ സമാധാനാന്തരീക്ഷം തകരുമെന്ന് ആശങ്കയുണ്ടെന്ന് ജില്ലാ അധികൃതര്‍ ഉത്തരവില്‍ പറഞ്ഞു.
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ രണ്ട് ഗ്രാമങ്ങളിലേക്കും പരിസരങ്ങളിലേക്കും ആളുകളുടെ സഞ്ചാരം നിരോധിച്ചിട്ടുണ്ട്. കാംജോങ് ജില്ലയില്‍ അസം റൈഫിള്‍സിന്റെ താല്ക്കാലിക ക്യാമ്പ് പ്രതിഷേധക്കാര്‍ തകര്‍ത്തു. ഒരു ഗ്രാമത്തിലെ കുക്കി യുവാക്കള്‍ മറ്റൊരു ഗ്രാമത്തിലെ നാഗ സ്ത്രീയെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രണ്ട് ഗ്രാമങ്ങള്‍ക്കിടയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.
2023 മെയ് മുതല്‍ ആരംഭിച്ച കുക്കി-മെയ്‌തേയ് സംഘര്‍ഷത്തിന് ഇനിയും അവസാനമായിട്ടില്ല. ഇതുവരെ 250-ലധികം ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്.
Content Highlight: Curfew Imposed In Two Villages Of Manipur's Kangpokpi District