പട്ന: ചോദ്യപേപ്പർ ചോർച്ചയെ സംബന്ധിച്ച് കുപ്രചാരണങ്ങൾ നടത്തി എന്നാരോപിച്ച് ജൻ സൂരജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിന് നോട്ടീസ്. ഒപ്പം യൂട്യൂബരായ ഫൈസൽ ഖാൻ എന്നയാൾക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. ബിഹാർ പബ്ലിക്ക് സർവീസ് കമ്മീഷനാണ് നോട്ടീസ് നൽകിയത്.
പരീക്ഷകളെപ്പറ്റി കുപ്രചാരണം നടത്തിയതിനാണ് ഇരുവർക്കും നോട്ടീസ് ലഭിച്ചിരിക്കുന്നത്. കമ്മീഷനെ മനഃപ്പൂർവം അപമാനിക്കാനായി മോശം പ്രയോഗങ്ങൾ നടത്തി എന്നും ഇരുവർക്കും നൽകിയ നോട്ടീസിലുണ്ട്. ഉന്നയിച്ച വാദങ്ങൾക്ക് തെളിവ് ഹാജരാക്കാനും അല്ലെങ്കിൽ നിയമനടപടി നേരിടാനുമാണ് ഫൈസൽ ഖാന് ലഭിച്ച നോട്ടീസിൽ പറയുന്നത്. പ്രശാന്ത് കിഷോറിനോട്, ബിഹാറിലെ ഗവൺമെൻ്റ് ജോലികൾ ഒരു കോടി രൂപയ്ക്ക് വിൽക്കുകയാണ് എന്ന വാദത്തിന്റെ സത്യാവസ്ഥ തെളിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അല്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവന്നേക്കുമെന്നും മുന്നറിയിപ്പ്.
ബിപിഎസ്‌സി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി രണ്ട് മുതലാണ് പ്രശാന്ത് കിഷോർ സമരം ആരംഭിച്ചത്. തുടർന്ന് പൊലീസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രശാന്തിനൊപ്പം നിരാഹാരമിരുന്ന ഏതാനും പ്രതിഷേധക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പട്‌നയിലെ ഗാന്ധി മൈതാനിയിലായിരുന്നു സമരക്കാർ നിരാഹാര സമരമിരുന്നത്. ബിപിഎസ്‌സി പരീക്ഷയിലെ ക്രമക്കേടിലും വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിലും പ്രതിഷേധിച്ചായിരുന്നു ഉപവാസം.
ഡിസംബർ 13നാണ് ബിപിഎസ്‌സിയുടെ എഴുപതാം പ്രിലിമിനറി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത്. ഇതിന് ശേഷം ഉദ്യോഗാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ ബിപിഎസ്‌സി ഉത്തരവിട്ടിരുന്നു. ജനുവരി നാലിന് പട്നയിലെ 22 കേന്ദ്രങ്ങളിലായി പുനഃപരീക്ഷ നടത്തുകയും ചെയ്തിരുന്നു. 12,012 ഉദ്യോഗാർത്ഥികളിൽ 8,111 ഉദ്യോഗാർത്ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തത്. എന്നാൽ, 5,943 വിദ്യാർഥികളാണ് വീണ്ടും പരീക്ഷ എഴുതിയത്. പുനഃപരീക്ഷയിൽ ക്രമക്കേടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ബിപിഎസ്‌സി പ്രസ്താവനയിൽ പറഞ്ഞിരുന്നു.
Content Highlights: notice served to prashanth kishore