
ചെന്നൈ: ആളുകൾ നോക്കി നിൽക്കെ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ജ്യോതി (37) ആണ് മരിച്ചത്. മേടവാക്കത്ത് ഒരു ബ്യൂട്ടിപാർലറിലെ ജീവനക്കാരിയായിരുന്ന ജ്യോതി. ജ്യോതിയുടെ ഭർത്താവ് മണികണ്ഠൻ (42) ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ശനിയാഴ്ചയാണ് സംഭവം നടന്നത്.
ഏഴ് വർഷം മുമ്പാണ് ജ്യോതി മണികണ്ഠനുമായി വേർപിരിഞ്ഞത്. ഇതിന് ശേഷം മൂന്ന് ആൺമക്കളോടൊപ്പം മേടവാക്കത്തേക്ക് താമസം മാറിയതായിരുന്നു ജ്യോതി. തുടർന്ന് മണികണ്ഠൻ്റെ ബന്ധുവായ കൃഷ്ണമൂർത്തിയുമായി ഇവർ പ്രണയത്തിലായെന്ന് പൊലീസ് പറഞ്ഞു. ശബരിമലയിൽ നിന്ന് മടങ്ങിയെത്തിയ മണികണ്ഠൻ പ്രസാദം നൽകാൻ എന്ന് പറഞ്ഞാണ് വിളിച്ചു വരുത്തിയത്. നേരിൽ കണ്ടതിനു ശേഷം ഇവർ തമ്മിൽ തർക്കമുണ്ടായതായി പൊലീസ് അറിയിച്ചു. തുടർന്ന് ജ്യോതി മണികണ്ഠനെ മർദ്ദിച്ചിരുന്നു. ആക്രമണം തടയുന്നതിനിടെ മണികണ്ഠനെ ചെരിപ്പൂരി അടിച്ച ശേഷം യുവതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
പിന്നീട് കൃഷ്ണമൂർത്തിയുമായി മണികണ്ഠനെ കാണാൻ ജ്യോതി തിരികെ എത്തുകയായിരുന്നു. ആ സമയം മണികണ്ഠൻ മദ്യപിച്ച് നിലയിലായിരുന്നു. ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായതിന് പിന്നാലെ മണികണ്ഠൻ ജ്യോതിയേയും കൃഷ്ണമൂർത്തിയേയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കൃഷ്ണമൂർത്തിയേയും ജ്യോതിയേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജ്യോതിയുടെ ജീവൻ രക്ഷിക്കാനായില്ല. നിലവിൽ രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് കൃഷ്ണമൂർത്തി.
Content Highlights: 37-year-old woman was murdered on Saturday by her estranged husband