ബെംഗളൂരു: ചാംരാജ്പേട്ടിൽ പശുക്കളുടെ അകിട് അറുത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. ബിഹാർ സ്വദേശി ഷെയ്ഖ് നാസർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു ചാംരാജ്പേട്ടിലെ വിനായക് നഗറിൽ ആർ എസ് എസ് പ്രവർത്തകൻ കർണൻ എന്നയാളുടെ മൂന്നു പശുക്കൾ ആക്രമത്തിന് ഇരയായത്. മൂന്നു പശുക്കളും ചോരവാർന്ന് തൊഴുത്തിൽ നിന്ന് നിലവിളിച്ചതോടെയാണ് വീട്ടുകാർ വിവരം അറിഞ്ഞത്.
ഈ വീടിനു സമീപത്ത് തയ്യൽ കടയിൽ സഹായി ആയി ജോലി ചെയ്തിരുന്നയാളാണ് പിടിയിലായ ഷെയ്ഖ് നാസർ. ഇയാൾ മദ്യ ലഹരിയിലാണ് ക്രൂരകൃത്യം ചെയ്‌തതെന്നാണ് നിഗമനം. മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു . ബി എൻ എസ് 325-ാം വകുപ്പ് പ്രകാരമാണ് കേസ്.
ബിജെപിയും ഹിന്ദു സംഘടനകളും വിഷയം രാഷ്ട്രീയവത്കരിച്ചു രംഗത്ത് വന്നിരുന്നു. ജിഹാദ് മനസികാവസ്ഥയുള്ളവരാണ് ആക്രമത്തിന് പിന്നിലെന്നായിരുന്നു ബിജെപിയുടെ ആരോപണം. അക്രമികളെ ഉടൻ പിടികൂടിയില്ലെങ്കിൽ മകര സംക്രാന്തി കരിദിനമായി ആചരിക്കുമെന്ന് കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക് അറിയിച്ചിരുന്നു. അക്രമികളെ ഉടൻ കണ്ടെത്താൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്ക് നിർദേശം നൽകിയിരുന്നു. സംഭവത്തെ അപലപിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ സംഭവം ബിജെപിയും ഹിന്ദു സംഘടനകളും രാഷ്ട്രീയ വത്കരിക്കുകയാണെന്നു കുറ്റപ്പെടുത്തിയിരുന്നു.
Content Highlights: Cow udder slaughter incidentThe accused a native of Bihar was arrested