ഭോപ്പാല്‍: നാല് മക്കളുള്ള ബ്രാഹ്‌മണ ദമ്പതികള്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന മന്ത്രിയും പരശുരാമ കല്യാണ്‍ ബോര്‍ഡിന്റെ പ്രസിഡന്റുമായ വിഷ്ണു രജോരിയ. മധ്യപ്രദേശ് സര്‍ക്കാരിന് കീഴിലുള്ളതാണ് ഈ ബോര്‍ഡ്. താന്‍ ബോര്‍ഡ് പ്രസിഡന്റ് ആണെങ്കിലും അല്ലെങ്കിലും ഈ തുക നല്‍കുമെന്നും രജോരിയ പറഞ്ഞു.
പ്രസവിക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകരുത്. അല്ലെങ്കില്‍ നിരീശ്വരവാദികള്‍ രാജ്യം പിടിച്ചെടുക്കും. നിരീശ്വരവാദികളുടെയും മതത്തെ ധിക്കരിക്കുന്നവരുടെയും എണ്ണം കൂടിവരികയാണ്. കുടുംബങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് കുറഞ്ഞതിന്റെ അനന്തരഫലമാണിതെന്നും രജോരിയ പറഞ്ഞു.
യുവാക്കളില്‍ വലിയ പ്രതീക്ഷയുണ്ട്. പ്രായമായവരില്‍ നിന്ന് നമുക്ക് കൂടുതല്‍ പ്രതീക്ഷിക്കാനാവില്ല. ഭാവി തലമുറയുടെ സംരക്ഷണത്തിന് നിങ്ങള്‍ ഉത്തരവാദികളാണ്. ഒരു കുട്ടിയില്‍ പ്രസവം നിര്‍ത്തുന്നത് വലിയ പ്രശ്‌നമാണ്. കുറഞ്ഞത് നാല് മക്കളെങ്കിലും വേണമെന്നും രജോരിയ പറഞ്ഞു. തന്റെ പ്രഖ്യാപനം വ്യക്തിപരമാണെന്നും സര്‍ക്കാര്‍ നയമല്ലെന്നും മന്ത്രി പിന്നീട് വ്യക്തമാക്കി.
Content Highlights: Have 4 Children, Get 1 Lakh": Madhya Pradesh Brahmin Body Chief To Couples