ന്യൂഡൽഹി: ഇന്ത്യൻ നാവിക സേനയ്ക്ക് കരുത്തായി തദ്ദേശീയമായി നിര്‍മ്മിച്ച രണ്ട് മുൻനിര നാവിക കപ്പലുകളും, ഒരു മുങ്ങിക്കപ്പലും കൂടി എത്തുന്നു. ഐഎൻഎസ് സൂറത്ത്, ഐഎൻഎസ് നീലഗിരി, ഐഎൻഎസ് വാഗ്ഷീർ എന്നിവ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു. മുംബൈയിലെ നേവല്‍ ഡോക്‌യാര്‍ഡിലാണ് നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പുതിയ പടക്കപ്പലുകൾ കമ്മീഷൻ ചെയ്തത്. നാവിക പ്രതിരോധത്തിൽ ആഗോളതലത്തിൽ നേതാവാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ഈ മൂന്ന് നാവിക പോരാളികൾ ശക്തിപ്പെടുത്തുമെന്ന് നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ ഒരു പ്രധാന സമുദ്രശക്തിയായി മാറുകയാണ്. ‘ആത്മനിര്‍ഭര്‍ ഭാരത്’ രാജ്യത്തെ ശക്തവും സ്വയംപര്യാപ്തവുമാക്കി. ആദ്യമായാണ് ഡിസ്‌ട്രോയര്‍, ഫ്രിഗേറ്റ്, അന്തര്‍വാഹിനി എന്നിവ ഒരുമിച്ച് കമ്മിഷന്‍ ചെയ്തത്. ഇവ മൂന്നും ഇന്ത്യയില്‍ നിര്‍മ്മിച്ചവയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഐഎന്‍എസ് സൂറത്ത്
പ്രോജക്ട് 15 ബി ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ പ്രോജക്ടിന്റെ ഭാഗമായുള്ള നാലാമത്തെയും അവസാനത്തെയും കപ്പലാണ് ഐഎന്‍എസ് സൂറത്ത്. 75 ശതമാനം ഭാഗവും തദ്ദേശീയമായാണ് നിര്‍മ്മിച്ചത്. ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും നൂതനവുമായ ഡിസ്ട്രോയറുകളിൽ ഒന്നാണ്. കൊല്‍ക്കത്ത ക്ലാസ് ഡിസ്‌ട്രോയറുകള്‍ക്ക് സമാനമാണിവ.
ഐഎന്‍എസ് നീലഗിരി
പ്രോജക്ട് 17 എ സ്റ്റെല്‍ത്ത് ഫ്രിഗേറ്റ് പദ്ധതിയിലെ ആദ്യ കപ്പലാണ് ഐഎന്‍എസ് നീലഗിരി. മെച്ചപ്പെട്ട അതിജീവനം, കടൽ സംരക്ഷണം, സ്റ്റെൽത്ത് എന്നിവയ്‌ക്കായുള്ള നൂതന സവിശേഷതകൾ നീലഗിരിക്കുണ്ട്. ശിവാലിക് ക്ലാസ് ഫ്രിഗേറ്റുകളെ അപേക്ഷിച്ച് കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കാന്‍ കഴിയുന്നതാണ് ഈ യുദ്ധക്കപ്പല്‍.
ഐഎൻഎസ് വാഗ്ഷീർ
പി75 സ്കോർപീൻ പദ്ധതിയുടെ ആറാമത്തെയും അവസാനത്തെയും അന്തർവാഹിനിയാണ് ഐഎൻഎസ് വാഗ്ഷീർ. ഫ്രാൻസിലെ നേവൽ ഗ്രൂപ്പുമായി സഹകരിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. നൂതനമായ സ്റ്റെല്‍ത്ത് സാങ്കേതികവിദ്യയും കുറഞ്ഞ റഡാര്‍ സിഗ്‌നേച്ചറുകളും ഇതിന്റെ പ്രത്യേകതയാണ്. വെള്ളത്തിലൂടെയും വായുവിലൂടെയും മിസൈലുകള്‍ തൊടുക്കാന്‍ കഴിവുള്ള മുങ്ങികപ്പലാണ് ഐഎന്‍എസ് വാഗ്ഷീര്‍. ഏറ്റവും നിശബ്ദമായ ഡീസല്‍-ഇലക്ട്രിക് അന്തര്‍വാഹിനികളിലൊന്ന് കൂടിയാണിത്. 1,565 ടണ്‍ ഭാരമുള്ള വാഗ്ഷീറിന് വിവിധ ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയും. ടോര്‍പ്പിഡോകള്‍, ആന്റി-ഷിപ്പ് മിസൈലുകള്‍, അത്യാധുനിക സോണാര്‍ സംവിധാനങ്ങള്‍ എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, രണ്ട് ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിൻഡെ, അജിത് പവാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Content Highlights: 2 Warships, 1 Submarine: What Are Indian Navy's 3 Newest Weapons?