'വോട്ട് പിടിക്കാൻ ഷൂ വിതരണം'; ഡൽഹിയിൽ കെജ്‌രിവാളിനെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസെടുത്തു

ഈ ആഴ്ചയില്‍ പര്‍വേഷിനെതിരെയുള്ള രണ്ടാമത്തെ പരാതിയാണിത്

dot image

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് ബിജെപി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മയ്‌ക്കെതിരെ കേസെടുത്തു. ന്യൂഡല്‍ഹി മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ഷൂ വിതരണം ചെയ്യുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് കേസെടുത്തത്. ആം ആദ്മി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനും കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിനുമെതിരെയായിരുന്നു ബിജെപി പര്‍വേഷ് വര്‍മയെ മത്സരത്തിനിറക്കിയത്.

അഭിഭാഷകനായ രജ്‌നീഷ് ഭാസ്‌കറിന്റെ പരാതിയില്‍ റിട്ടേണിങ് ഓഫീസര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് കേസെടുക്കാനുള്ള നിര്‍ദേശം നല്‍കുകയായിരുന്നു. ജനപ്രാതിനിത്യ നിയമത്തിലെ 123-ാം വകുപ്പ് പ്രകാരം സ്ഥാനാര്‍ത്ഥിയോ അവരുടെ ഏജന്റോ നല്‍കുന്ന ഏതൊരു സമ്മാനവും വാഗ്ദാനവും തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ്.

ഈ ആഴ്ചയില്‍ പര്‍വേഷിനെതിരെയുള്ള രണ്ടാമത്തെ പരാതിയാണിത്. പര്‍വേഷ് സ്ത്രീ വോട്ടര്‍മാര്‍ക്ക് 1,100 രൂപ നല്‍കുന്നുണ്ടെന്നും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഹര്‍ ഖര്‍ നൗക്‌റി പദ്ധതി പ്രോത്സാഹിപ്പിക്കുകയാണെന്നും അരവിന്ദ് കെജ്‌രിവാള്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വന്നതിന് ശേഷവും പര്‍വേഷ് തൊഴില്‍ മേളകള്‍ നടത്തുകയും ആരോഗ്യ ക്യാമ്പുകളില്‍ കണ്ണടകള്‍ വിതരണം ചെയ്തതായും ആംആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു. എന്നാല്‍ പരാതിയെ സാധൂകരിക്കുന്ന തെളിവുകളൊന്നുമില്ലെന്ന് തിരഞ്ഞെടുപ്പ് സമിതി പറയുകയായിരുന്നു.

പിന്നാലെ പര്‍വേഷിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തിയിരുന്നു. ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള എഴുപത് സീറ്റുകളിലേക്ക് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 17 ആണ്. പത്രികകളുടെ സൂക്ഷപരിശോധന ജനുവരി 18ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 20 ആണ്. ഉത്തര്‍പ്രദേശിലെ മില്‍ക്കിപ്പൂര്‍, തമിഴ്നാട്ടിലെ ഈറോഡ് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഫെബ്രുവരി 5ന് നടക്കും.

Content Highlights: Case against BJP candidate for distributing shoes to Delhi voters

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us