ഡൽഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യത്തിലാണ് അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും

dot image

‍ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും വിചാരണ ചെയ്യാൻ അനുമതിയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അനുമതി നൽകിയത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അരവിന്ദ് കെജ്‌രിവാളിനെ ഉയർത്തിക്കാണിച്ചാണ് എഎപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിലാണ് എഎപിയുടെ രണ്ട് പ്രമുഖ നേതാക്കളായ അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും വിചാരണ ചെയ്യാനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യത്തിലാണ് അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും.

മദ്യമാഫിയയുടെ സ്വാധീനവും കരിഞ്ചന്തയും അവസാനിപ്പിക്കാൻ പുതിയ മദ്യനയം ആവിഷ്കരിക്കുന്നു എന്ന വിശദീകരണത്തോടെയാണ് 2021 നവംബര് 17 മുതൽ ഡിൽഹി മദ്യനയം പ്രാബല്യത്തിൽ വന്നത്. പുതിയ മദ്യനയത്തിന്റെ ഭാഗമായി ഡൽഹി നഗരത്തെ 32 സോണുകളായി തിരിച്ചു. ഓരോ സോണിലും പരമാവധി 27 മദ്യവിൽപ്പന ശാലകളും അനുവദിച്ചു. പുതിയ നിയമമനുസരിച്ച്, സ്വകാര്യ കമ്പനികൾക്കായി നല്കിയ 849 മദ്യവില്പ്പനശാലകൾക്ക് ഓപ്പണ് ബിഡ്ഡിംഗ് നടത്താനായിരുന്നു തീരുമാനം. വ്യക്തിഗത ലൈസൻസുകളൊന്നും ഉണ്ടായിരുന്നില്ല. സോണുകൾ തിരിച്ചായിരുന്നു ലേലം നടത്തിയത്.പുതിയ മദ്യ നയത്തോടെ തലസ്ഥാന നഗരിയിലെ മദ്യവിൽപ്പനയിൽ സ‍ർക്കാരിന് നിയന്ത്രണമില്ലാതായതായി ആക്ഷേപം ഉയർന്നു. തുടർന്ന് ലഫ്റ്റനൻ്റ് ഗവർണർ ഡൽഹി മദ്യനയ കേസിൽ സിബിഐ അന്വേഷണം ശിപാർശ ചെയ്തതോടെ 2022 ജൂലൈ 30ന് ഡൽഹിയിലെ ആം ആദ്മി സർക്കാർ പുതിയ നയം പിൻവലിക്കുകയും പഴയ മദ്യനയം വീണ്ടും പ്രാബല്യത്തിൽ കൊണ്ട് വരികയുമായിരുന്നു.

ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാര് സമ‍ർപ്പിച്ച റിപ്പോ‍ർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു സക്സേനയുടെ നടപടി. 2022 ഫെബ്രുവരിയിൽ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന കൈക്കൂലി, കമ്മീഷൻ എന്നിവയിലൂടെ ലഭിച്ച പണത്തിന് പകരമായി മനീഷ് സിസോദിയ മദ്യവിൽപ്പന ലൈസന്സികൾക്ക് അനാവശ്യ ആനുകൂല്യങ്ങൾ നൽകിയെന്നായിരുന്നു ഈ റിപ്പോർട്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ സിബിഐയും ഇഡിയും നടത്തിയ അന്വേഷണത്തിൽ ആം ആദ്മി പാർട്ടി നേതാക്കളെ പ്രതിചേർക്കുകയായിരുന്നു. ബിആർ‌അസ് നേതാവ് കവിതയെയും കേസിൽ പ്രതിചേർത്തിരുന്നു. രണ്ട് പാർട്ടികളുടെയും നേതാക്കൾ മദ്യനയ അഴിമതി കേസുമായിബന്ധപ്പെട്ട് മാസങ്ങളോളം ജയിൽവാസം അനുഭവിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ മദ്യനയ അഴിമതിക്കേസ് പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ഉയർന്ന് വന്നിരുന്നു. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ മദ്യനയ അഴിമതി ബിആ‍ർഎസിനും തിരിച്ചടിയായതായി വിലയിരത്തുണ്ടായിരുന്നു.

മദ്യനയ അഴിമതി പ്രധാനതിരഞ്ഞെടുപ്പ് വിഷയമായിരുന്ന കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ നിന്നുമുള്ള എല്ലാ സീറ്റുകളും ബിജെപി തൂത്ത് വാരിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ എഎപിയുടെ പ്രധാനനേതാക്കളായ അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയെയും വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി നൽകിയിരിക്കുന്നത്.

Content Highlights: ED gets Centre’s approval to prosecute Kejriwal and Sisodia for money laundering

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us