ന്യൂ ഡൽഹി: അൽപ്പസമയം മുൻപ് ഉദ്‌ഘാടനം ചെയ്യപ്പെട്ട പുതിയ കോൺഗ്രസ് ആസ്ഥാനത്തിന്റെ പേരിനെച്ചൊല്ലി വിവാദം. ആസ്ഥാനത്തിന് പുറത്ത് 'സർദാർ മൻമോഹൻ സിംഗ് ഭവൻ' എന്ന് പേരിൽ ഫ്ലക്സ് സ്ഥാപിക്കപ്പെട്ടതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ആരാണ് ഫ്ലക്സ് സ്ഥാപിച്ചത് എന്ന് വ്യക്തമല്ല. അതിനാൽ തന്നെ ഇക്കാര്യം വിവാദമാക്കേണ്ടതില്ല എന്നാണ് നേതാക്കളുടെ നിലപാട്. എന്നാൽ വിഷയം വിവാദമാക്കി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
ഇന്ദിര ഭവൻ എന്നാണ് പുതിയ കോൺഗ്രസ് ആസ്ഥാനത്തിന്റെ പേര്. ആസ്ഥാനത്തിന് പുറത്ത് മൻമോഹൻ സിംഗ് ഭവൻ എന്ന പേരിൽ ഫ്ളക്സ് കണ്ടതോടെ ബിജെപിയും രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രണബ് മുഖർജിയെയും നരസിംഹ റാവുവിനെയും അപമാനിച്ച പോലെ കോൺഗ്രസ് മൻമോഹൻ സിങിനെയും അപമാനിച്ചെന്നും, 'കുടുംബം ആദ്യം' എന്ന മനോഭാവമാണ് കോൺഗ്രസിനുള്ളത് എന്നും ബിജെപി പറഞ്ഞു. ജീവിച്ചിരുന്നപ്പോൾ ഗാന്ധി കുടുംബം മൻമോഹൻ സിംഗിനെ ബഹുമാനിച്ചില്ലെന്ന നിലപാടുമായി ബിജെപി നേതാവ് അമിത് മാളവ്യ രംഗത്തെത്തിയിട്ടുണ്ട്. മൻമോഹൻ സിങിൻ്റെ പേര് പുതിയ ആസ്ഥാനത്തിന് നൽകി അദ്ദേഹത്തെ ബഹുമാനിക്കാനുള്ള അവസരമാണ് ഇത്. ശരിയായ തീരുമാനം കോൺഗ്രസാണ് എടുക്കേണ്ടതെന്നും അമിത് മാളവ്യ കൂട്ടിച്ചേർത്തു.
അല്പസമയം മുൻപാണ് കോൺഗ്രസ് പതാക ഉയർത്തി മല്ലികാർജുൻ ഖർഗെ പുതിയ ഓഫീസിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. തുടർന്ന് സോണിയ ഗാന്ധി നാടമുറിക്കുകയും മല്ലികാർജുൻ ഖർഗെ ദീപം തെളിയിക്കുകയും ചെയ്തിരുന്നു. 9 എ, കോട്ട്‌ല റോഡ്, ദില്ലി എന്നാണ് പുതിയ മന്ദിരത്തിന്റെ വിലാസം. പ്രവര്‍ത്തക സമിതി അംഗങ്ങളും പ്രധാന നേതാക്കളും അടക്കം 200 പേരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കമുള്ള പ്രധാന നേതാക്കള്‍ ദില്ലിയില്‍ എത്തിയിരുന്നു. 24, അക്ബര്‍ റോഡാണ് നിലവില്‍ കോണ്‍ഗ്രസിന്റെ ദേശീയ ആസ്ഥാനം.
Content Highlights: Name controversy on congress new headquarters