'ഭരണഘടനയും ആർഎസ്എസിൻ്റെ പ്രത്യയശാസ്ത്രവും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്, ഇത് നിർണായക സമയം'; രാഹുൽ ഗാന്ധി

മന്ദിരം ഉദ്‌ഘാടനം ചെയ്ത ശേഷം തിരഞ്ഞെടുക്കപ്പെട്ട നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ

dot image

ന്യൂ ഡൽഹി: കോൺഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരം സാധാരണ മന്ദിരമല്ല എന്നും രാജ്യത്തെ ലക്ഷക്കണക്കിന് പേരുടെ ത്യാഗത്തിൻ്റെ പ്രതീകമാണ് എന്നും രാഹുൽ ഗാന്ധി എംപി. മന്ദിരം ഉദ്‌ഘാടനം ചെയ്ത ശേഷം തിരഞ്ഞെടുക്കപ്പെട്ട നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ.

പ്രസംഗത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ 'സ്വാതന്ത്ര്യ' പരാമർശത്തെയും രാഹുൽ വിമർശിച്ചു. ആർഎസ്എസ് മേധാവി 1947ൽ സ്വാതന്ത്ര്യം ലഭിച്ചില്ല എന്നാണ് പറഞ്ഞത്. രാമക്ഷേത്ര നിർമാണത്തിന് ശേഷമാണ് സ്വാതന്ത്ര്യം കിട്ടിയതെന്ന് മോഹൻ ഭാഗവത് പറയുന്നു. ഇതിലൂടെ ഭരണഘടന സ്വാതന്ത്ര്യത്തിൻ്റെ പ്രതീകമല്ല എന്നാണ് മോഹൻ ഭഗവത്‍ പറഞ്ഞുവെക്കുന്നത് എന്നും രാഹുൽ വിമർശിച്ചു. ഭരണഘടന എന്ന കോൺഗ്രസിന്റെ ആശയവും ആർഎസ്എസിന്റെ പ്രത്യയശാസ്ത്രവും തമ്മിലാണ് ഇപ്പോൾ പോരാട്ടമെന്നും രാഹുൽ പറഞ്ഞു. രാജ്യത്ത് ഇപ്പോൾ ഏകാധിപത്യത്തിനാണ് മുൻതൂക്കം. ഇതിനെല്ലാം തടയിടാൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളു എന്നും രാഹുൽ പറഞ്ഞു. തുടർന്ന് പ്രസംഗിച്ച മല്ലികാർജുൻ ഖാർഗെ പുതിയ ആസ്ഥാനമന്ദിരത്തിലെ ലൈബ്രറി ഹാളിന് മൻമോഹൻ സിങിന്റെ പേര് നൽകുകയാണെന്ന് അറിയിച്ചു.

അതേസമയം, അൽപ്പസമയം മുൻപ് ഉദ്‌ഘാടനം ചെയ്യപ്പെട്ട പുതിയ കോൺഗ്രസ് ആസ്ഥാനത്തിന്റെ പേരിനെച്ചൊല്ലി വിവാദം. ആസ്ഥാനത്തിന് പുറത്ത് 'സർദാർ മൻമോഹൻ സിംഗ് ഭവൻ' എന്ന് പേരിൽ ഫ്ലക്സ് സ്ഥാപിക്കപ്പെട്ടതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ആരാണ് ഫ്ലക്സ് സ്ഥാപിച്ചത് എന്ന് വ്യക്തമല്ല. അതിനാൽ തന്നെ ഇക്കാര്യം വിവാദമാക്കേണ്ടതില്ല എന്നാണ് നേതാക്കളുടെ നിലപാട്. എന്നാൽ വിഷയം വിവാദമാക്കി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

ഇന്ദിര ഭവൻ എന്നാണ് പുതിയ കോൺഗ്രസ് ആസ്ഥാനത്തിന്റെ പേര്. ആസ്ഥാനത്തിന് പുറത്ത് മൻമോഹൻ സിംഗ് ഭവൻ എന്ന പേരിൽ ഫ്ളക്സ് കണ്ടതോടെ ബിജെപിയും രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രണബ് മുഖർജിയെയും നരസിംഹ റാവുവിനെയും അപമാനിച്ച പോലെ കോൺഗ്രസ് മൻമോഹൻ സിങിനെയും അപമാനിച്ചെന്നും, 'കുടുംബം ആദ്യം' എന്ന മനോഭാവമാണ് കോൺഗ്രസിനുള്ളത് എന്നും ബിജെപി പറഞ്ഞു. ജീവിച്ചിരുന്നപ്പോൾ ഗാന്ധി കുടുംബം മൻമോഹൻ സിംഗിനെ ബഹുമാനിച്ചില്ലെന്ന നിലപാടുമായി ബിജെപി നേതാവ് അമിത് മാളവ്യ രം​ഗത്തെത്തിയിട്ടുണ്ട്. മൻമോഹൻ സിങിൻ്റെ പേര് പുതിയ ആസ്ഥാനത്തിന് നൽകി അദ്ദേഹത്തെ ബഹുമാനിക്കാനുള്ള അവസരമാണ് ഇത്. ശരിയായ തീരുമാനം കോൺഗ്രസാണ് എടുക്കേണ്ടതെന്നും അമിത് മാളവ്യ കൂട്ടിച്ചേ‍ർത്തു.

Content Highlights: Rahul gandhi against Mohan Bhagwat

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us