മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിക്കാനെത്തിയ പ്രതി വീട്ടിലെത്തിയത് ജോലിക്കാരിയുടെ സഹായത്താലെന്ന് പൊലീസ്. വീട്ടുജോലിക്കാരിയെ കാണാനെത്തിയ ആക്രമിയാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
വീടിനുള്ളിൽ അപരിചിതനെ കണ്ട് സെയ്ഫ് അലി ഖാന്‍ ഇയാളെ ചോദ്യം ചെയ്യുകയും അത് സംഘർഷത്തിലെത്തുകയും ചെയ്തതോടെയാണ് നടന് കുത്തേറ്റതെന്നും പൊലീസ് പറഞ്ഞു. നടൻ ആക്രമിക്കപ്പെടുന്നതിന് രണ്ട് മണിക്കുർ മുന്നേയാണ് ആക്രമികൾ വീടിനുള്ളിൽ പ്രവേശിപ്പിച്ചത്. സമീപത്തെ വീടിന്റെ മതിലിലൂടെയാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍ അകത്തു കയറി. മോഷണം തന്നെയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും പൊലീസ് അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയില്‍ മോഷ്ടാക്കള്‍ എത്തിയത്. വീടിനുള്ളില്‍ അസ്വാഭാവിക ശബ്ദം കേട്ട് ജോലിക്കാരി ആദ്യം ഉണര്‍ന്നു. തൊട്ടുപിന്നാലെ സെയ്ഫ് അലി ഖാനും ഇവിടേയ്ക്ക് എത്തി. മോഷ്ടാക്കളെ പ്രതിരോധിക്കുന്നതിനിടെ സെയ്ഫിനെ മോഷ്ടാക്കളില്‍ ഒരാള്‍ കുത്തുകയായിരുന്നു.
ആറ് തവണ സെയ്ഫിന് കുത്തേറ്റു. ആക്രമണത്തിന് പിന്നാലെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ഉടന്‍ തെന്ന സെയ്ഫിനെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെയ്ഫിനേറ്റ കുത്തില്‍ രണ്ടെണ്ണം ആഴമേറിയതായിരുന്നു. നട്ടെല്ലിന് സമീപം കുത്തേറ്റതിനാല്‍ സെയ്ഫിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. സെയ്ഫ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് താരം. പത്ത് സംഘങ്ങളായി തിരിഞ്ഞാണ് ബാന്ദ്ര പൊലീസ് കേസ് അന്വേഷിക്കുന്നത്.
Content Highlight : Actor Saif Ali Khan's stabbing incident; The housemaid helped the assailant to reach home