'മുംബൈ സേഫാണ്'...; കെജ്‌രിവാളിന് മറുപടിയുമായി ദേവേന്ദ്ര ഫഡ്നാവിസ്

'നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റതിന്റെ അടിസ്ഥാനത്തിൽ മാത്രം ഇവിടം സുരക്ഷിതമല്ലെന്ന് പറയരുത്'

dot image

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റതിന് ബിജെപിയെ വിമർശിച്ച ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മുംബൈ സിറ്റി സുരക്ഷിതമാണ്. ഒരു സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഇവിടം സുരക്ഷിതമല്ലെന്ന് പറയരുത്. രാജ്യത്തെ എല്ലാ മെ​ഗാ സിറ്റികളേക്കാളും ഏറ്റവും നല്ല സുരക്ഷിതത്വമുളള ന​ഗരമാണ് മുംബൈ എന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

നടന് കുത്തേറ്റ സംഭവം ​ഗൗരവത്തിലെടുക്കുന്നു. എന്നാൽ ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ മുംബൈ ന​ഗരം സുരക്ഷിതമല്ലെന്ന് ചിത്രീകരിക്കുന്നത് ശെരിയല്ലെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. സെയ്ഫ് അലി ഖാന് കുത്തേറ്റതിന് പിന്നാലെ മഹാരാഷ്ട്ര സർക്കാരിനെതിരെ വിമർശനങ്ങളുമായി എഎപിയും ശിവ്സേന ഉദ്ധവ് വിഭാ​ഗവും രം​ഗത്തെത്തിയിരുന്നു.

'മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ താരങ്ങൾക്ക് സുരക്ഷ നൽകുന്നില്ല. നടൻ സൽമാൻ ഖാന് നേരെ ആക്രമണമുണ്ടായി. ബാബ സിദ്ദിഖി വെടിയേറ്റു കൊല്ലപ്പെട്ടു.. ഇവരുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരന് എന്തായിരിക്കും സംഭവിക്കുക. ഡബിൾ എഞ്ചിൻ സർക്കാർ ജനങ്ങൾക്ക് ഒരു തരത്തിലുളള സുരക്ഷിതത്വവും ഉറപ്പുനൽകുന്നില്ല മോശം ഭരണമാണ് നടത്തുന്നത്', എന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ വിമർശനം.

അതേസമയം സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞത്. സമീപത്തെ വീടിന്റെ മതിലിലൂടെയാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍ അകത്തു കയറി. മോഷണം തന്നെയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും പൊലീസ് അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയില്‍ മോഷ്ടാക്കള്‍ എത്തിയത്. വീടിനുള്ളില്‍ അസ്വാഭാവിക ശബ്ദം കേട്ട് ജോലിക്കാരി ആദ്യം ഉണര്‍ന്നു. തൊട്ടുപിന്നാലെ സെയ്ഫ് അലി ഖാനും ഇവിടേയ്ക്ക് എത്തി. മോഷ്ടാക്കളെ പ്രതിരോധിക്കുന്നതിനിടെ സെയ്ഫിനെ മോഷ്ടാക്കളില്‍ ഒരാള്‍ കുത്തുകയായിരുന്നു. ആറ് തവണ സെയ്ഫിന് കുത്തേറ്റു. ആക്രമണത്തിന് പിന്നാലെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു.

കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ഉടന്‍ തെന്ന സെയ്ഫിനെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെയ്ഫിനേറ്റ കുത്തില്‍ രണ്ടെണ്ണം ആഴമേറിയതായിരുന്നു. നട്ടെല്ലിന് സമീപം കുത്തേറ്റതിനാല്‍ സെയ്ഫിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. സെയ്ഫ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് താരം. പത്ത് സംഘങ്ങളായി തിരിഞ്ഞാണ് ബാന്ദ്ര പൊലീസ് കേസ് അന്വേഷിക്കുന്നത്.

Content Highlights: Mumbai is Safest City Devendra Fadnavis After Saif Ali Khan Stabbing Incedent

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us