മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിയ അക്രമിയുടെ ചിത്രം പുറത്ത്. സിസിടിവിയില്‍ പതിഞ്ഞ വീഡിയോയില്‍ നിന്നുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. സെയ്ഫിനെ കുത്തിയ ശേഷം പടികള്‍ ഇറങ്ങി രക്ഷപ്പെടുന്നതിനിടെ ഇയാളുടെ ദൃശ്യം സിസിടിവിയില്‍ പതിയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
സമീപത്തെ വീടിന്റെ മതിലിലൂടെയാണ് അക്രമി സെയ്ഫിന്റെ വീട്ടിലേക്ക് എത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴിയാണ് ഇയാള്‍ വീടിന് അകത്ത് കയറിയത്. ഇയാളെ വീടിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ സഹായിച്ചത് സെയ്ഫിന്റെ വീട്ടുജോലിക്കാരില്‍ ഒരാളെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സെയ്ഫിന്റെ വീട്ടുജോലിക്കാരില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയില്‍ അക്രമി എത്തിയത്. വീടിനുള്ളില്‍ അസ്വാഭാവിക ശബ്ദം കേട്ട് ജോലിക്കാരി ആദ്യം ഉണര്‍ന്നു. തുടര്‍ന്ന് ഇവര്‍ ശബ്ദം കേട്ട സ്ഥലത്തേയ്ക്ക് എത്തുകയും അക്രമിയെ കാണുകയുമായിരുന്നു. പ്രതിരോധിക്കുന്നതിനിടെ വീട്ടുജോലിക്കാരിയെ അക്രമി ആദ്യം കുത്തി. ഇവരുടെ നിലവിളി കേട്ട് സെയ്ഫ് അലി ഖാന്‍ അവിടേയ്ക്ക് എത്തുകയും സംഘട്ടത്തിനിടെ അക്രമി സെയ്ഫിനെ കുത്തുകയുമായിരുന്നു. ആക്രമണത്തിന് പിന്നാലെ ഇയാള്‍ പടികള്‍ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ഉടന്‍ തന്നെ സെയ്ഫിനെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെയ്ഫിനേറ്റ കുത്തില്‍ രണ്ടെണ്ണം ആഴമേറിയതായിരുന്നു. നട്ടെല്ലിന് സമീപം കുത്തേറ്റതിനാല്‍ സെയ്ഫിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. സെയ്ഫ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് താരം. പത്ത് സംഘങ്ങളായി തിരിഞ്ഞാണ് ബാന്ദ്ര പൊലീസ് കേസ് അന്വേഷിക്കുന്നത്.
Content Highlights- Saif Ali Khan knife attack: Suspect caught on camera