മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പ്രതികരിച്ച് ജീവിതപങ്കാളിയും നടിയുമായ കരീന കപൂർ. സെയ്ഫ് അലി ഖാൻ ചികിത്സയിൽ തുടരുകയാണെന്നും കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഔദ്യോഗിക പ്രതികരണത്തില്‍ നടിയുടെ ടീം അറിയിച്ചു. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോടും ആരാധകരോടും ഇവർ അഭ്യർത്ഥിച്ചിട്ടുമുണ്ട്.
'ഇന്നലെ രാത്രി സെയ്ഫ് അലി ഖാൻ്റെയും കരീന കപൂറിൻ്റെയും വസതിയിൽ മോഷണശ്രമം നടന്നിരുന്നു. സെയ്ഫിൻ്റെ കൈക്ക് പരിക്കേറ്റു, അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബത്തിലെ മറ്റുള്ളവർ സുഖമായിരിക്കുന്നു. ഞങ്ങൾ മാധ്യമങ്ങളോടും ആരാധകരോടും അഭ്യർത്ഥിക്കുന്നു. ക്ഷമയോടെയിരിക്കുക, കൂടുതൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്. പോലീസ് അന്വേഷണം തുടരുകയാണ്' പ്രതികരണത്തില്‍ പറയുന്നു.
അതേസമയം, വീട്ടിൽ നടന്ന മോഷണശ്രമത്തിനിടെയാണ് താരത്തിന് കുത്തേറ്റത്. മോഷ്ടാവ്
നടനെ കുത്തുകയായിരുന്നു. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ആറ് തവണയാണ് നടന് കുത്തേറ്റത്. പുലർച്ചെ മൂന്നരയോടെ നടനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന്
അടിയന്തരമായി നടനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണത്തില്‍ മുംബൈ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഏഴ് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം. മുംബൈ ക്രൈംബ്രാഞ്ചും അന്വേഷണത്തിൽ ഭാഗമാകും. സെയ്ഫിന്‍റെ വീട്ടിലെ സഹായികളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
Content Highlights: Saif Ali Khan's stabbing incident, Kareena Kapoor first reaction